റാമല്ല – ഗാസയില്‍ ഒമ്പതു ലക്ഷം കുട്ടികള്‍ പട്ടിണിയുടെയും മരണത്തിന്റെയും വക്കിലാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ പറഞ്ഞു. യുദ്ധം നിര്‍ത്താന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണം. ഗാസയിലെ സ്ഥിതിഗതികള്‍ അഭൂതപൂര്‍വമായ മാനുഷിക തകര്‍ച്ചയിലേക്ക് എത്തിയിരിക്കുന്നു. ഗാസ നിവാസികള്‍ക്കെതിരായ ആയുധമായി പട്ടിണിനയം ഉപയോഗിക്കുന്നത് ഇസ്രായില്‍ തുടരുകയാണ്. ഇസ്രായില്‍ സേന ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുന്നതിന്റെ ഫലമായി റിലീഫ് വിതരണ കേന്ദ്രങ്ങള്‍ മരണക്കെണികളായി മാറി.
ഗാസയില്‍ ഒമ്പതു ലക്ഷം കുട്ടികള്‍ പട്ടിണിയുടെയും മരണത്തിന്റെയും ഭീഷണിയിലാണ്. സിവിലിയന്മാരെ സംരക്ഷിക്കാനും തുടര്‍ച്ചയായ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹവും മാനുഷിക സംഘടനകളും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ഗാസക്കെതിരായ അന്യായവും മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഉപരോധത്തെയും എല്ലാ തരം മാനുഷിക സഹായങ്ങളും നിഷേധിക്കുന്നതിനെയും ജി.സി.സി രാജ്യങ്ങള്‍ ശക്തമായി അപലപിക്കുന്നതായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ഇത് വ്യാപകമായ പട്ടിണിയിലേക്കും ഭക്ഷണത്തിന്റെയും വൈദ്യസഹായങ്ങളുടെയും ക്ഷാമത്തിലേക്കും മാനുഷിക ദുരന്തത്തിലേക്കും നയിച്ചു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍, ജനീവ കണ്‍വെന്‍ഷനുകള്‍, മനുഷ്യാവകാശ തത്വങ്ങള്‍ എന്നിവയുടെ നഗ്‌നമായ ലംഘനമാണ്. കൂടാതെ അന്താരാഷ്ട്ര സമൂഹത്തോടുള്ള വ്യക്തമായ വെല്ലുവിളിയുമാണ്.
കൂട്ട പട്ടിണിനയം ഉള്‍പ്പെടെ, ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. ഇത് ഒരു പൂര്‍ണാര്‍ഥത്തിലുള്ള യുദ്ധക്കുറ്റമാണ്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനോട് അടിയന്തിരമായി കണക്കു ചോദിക്കണം.
ക്രൂരമായ ഉപരോധം അവസാനിപ്പിക്കാനും കൊലപാതക-പട്ടിണി തന്ത്രം നിര്‍ത്താനും അടിയന്തര മാനുഷിക സഹായങ്ങള്‍ പ്രവേശിക്കുന്നത് ഉറപ്പാക്കാനും കാലതാമസമില്ലാതെ ക്രോസിംഗുകള്‍ തുറക്കാനും ആസന്നമായ ദുരന്തത്തില്‍ നിന്ന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ ജി.സി.സി സെക്രട്ടറി ജനറല്‍ എല്ലാ രാജ്യങ്ങളും സ്ഥാപനങ്ങളും സംഘടനകളും ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
അന്തസ്സുള്ള ജീവിതം, സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം, അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കല്‍ എന്നിവ അടക്കം ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്നതില്‍ ജി.സി.സി രാജ്യങ്ങളുടെ ഉറച്ച നിലപാട് സെക്രട്ടറി ജനറല്‍ ആവര്‍ത്തിച്ചു.