തെല്‍അവീവ് – കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ലംഘിച്ചുകൊണ്ട്, ഗാസ മുനമ്പിന്റെ 70 ശതമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രായില്‍ സൈന്യത്തോട് താന്‍ ഉത്തരവിട്ടതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഞങ്ങള്‍ നിലവില്‍ ഹമാസിനെ ഉപരോധിക്കുകയാണ്. ഇപ്പോള്‍ ഗാസയുടെ 60 ശതമാനം പ്രദേശവും ഞങ്ങള്‍ നിയന്ത്രിക്കുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഗാസയുടെ 50 ശതമാനമാണ് ഞങ്ങള്‍ നേരത്തെ നിയന്ത്രിച്ചിരുന്നത്. പിന്നീട് ഞങ്ങള്‍ 60 ശതമാനത്തിലേക്ക് മാറി. 70 ശതമാനത്തിലേക്ക് നീങ്ങുക എന്നതാണ് എന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍. ഞങ്ങള്‍ അവരെ എല്ലാ വശങ്ങളിലും വളഞ്ഞിരിക്കുന്നു. ബാക്കിയുള്ള പ്രദേശങ്ങളും പിന്നീട് നിയന്ത്രണത്തിലാക്കുമെന്നും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വരയിലെ ഇസ്രായിലി കുടിയേറ്റ കോളനിയില്‍ നടന്ന സമ്മേളനത്തില്‍ നെതന്യാഹു വ്യക്തമാക്കി.
ഗാസ മുനമ്പില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. 2023 ഒക്ടോബര്‍ 7 ന് പൊട്ടിപ്പുറപ്പെട്ട വിനാശകരമായ യുദ്ധത്തിന് രണ്ട് വര്‍ഷത്തിന് ശേഷം, 2025 ഒക്ടോബര്‍ 10 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നു. വെടിനിര്‍ത്തല്‍ നിബന്ധനകള്‍ പ്രകാരം, ഇസ്രായില്‍ സൈന്യം ഗാസ മുനമ്പിന്റെ 50 ശതമാനത്തിലധികം പ്രദേശത്തിന്റെ നിയന്ത്രണം നിലനിര്‍ത്തി, ഗാസയിലെ യെല്ലോ ലൈന്‍ എന്നറിയപ്പെടുന്ന ഭാഗത്തേക്ക് പിന്‍വാങ്ങേണ്ടതായിരുന്നു. യെല്ലോ ലൈന്‍ ഗാസ മുനമ്പിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഇതില്‍ ഒന്ന് ഇസ്രായിലിന്റെ നിയന്ത്രണത്തിലും മറ്റൊന്ന് ഹമാസിന്റെ നിയന്ത്രണത്തിലുമാണ്. എന്നാല്‍ സൈന്യം ഗാസ മുനമ്പില്‍ നിയന്ത്രണം വികസിപ്പിച്ചതായി മെയ് 15 ന് നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയില്‍ നിന്ന് ഞങ്ങള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടവരുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ പിന്മാറിയില്ല, ഇന്ന് ഞങ്ങള്‍ ഗാസയുടെ 60 ശതമാനം നിയന്ത്രിക്കുന്നുവെന്ന് മെയ് 15 ന് നെതന്യാഹു പറഞ്ഞിരുന്നു.



