ഗാസ– ഗാസ സിറ്റിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ അൽജസീറയുടെ റിപ്പോർട്ടർമാർ ഉൾപ്പെടെയുള്ള അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതായി ഇസ്രായിൽ സൈന്യം. അൽ ഷിഫ സമീപമുള്ള മാധ്യമ പ്രവർത്തകരുടെ ടെന്റിലാണ് ആക്രമണം നടത്തിയത്.
അൽജസീറ റിപ്പോർട്ടർമാരായ അനസ് ശരീഫ്, മുഹമ്മദ് ഖുറൈഖിഅ്, ക്യാമറാമാൻമാരായ ഇബ്രാഹിം ദാഹിർ, മുഅ്മിൻ അലൈവ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. ക്രൂ ഡ്രൈവർ മുഹമ്മദ് നാഫിലും കൊല്ലപ്പെട്ടു. റിപ്പോർട്ടർ അനസ് ശരീഫ് ഹമാസിനു കീഴിലെ ഭീകരവാദ സെല്ലിന്റെ നേതാവായിരുന്നുവെന്നും സിവിലിയൻസിവും തങ്ങൾക്കും നേരെ റോക്കറ്റുകൾ വിക്ഷേപിച്ചതിന് ഉത്തരവാദിയാണെന്നും ഇസ്രായിൽ സൈന്യം ആരോപിച്ചു.
ഇവർക്ക് പുറമെ അൽകൂഫിയ ടി.വി റിപ്പോർട്ടർ മുഹമ്മദ് സുബ്ഹിന് പരിക്കേറ്റതായും ഫലസ്തീൻ ടി.വിയും ഫലസ്തീൻ ന്യൂസ് ആന്റ് ഇൻഫർമേഷൻ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഗാസ യുദ്ധം ആരംഭിച്ചശേഷം ഇസ്രായിലി വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 237 ആയി ഉയർന്നതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് പറഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെട്ടതായി അൽഅഖ്‌സ ടി.വി റിപ്പോർട്ട് ചെയ്തു. ഇതിൽ 30 പേർ റിലീഫ് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസഹായം തേടി എത്തിയവരായിരുന്നു.
2023 ഒക്ടോബർ ഏഴു മുതൽ, ഇസ്രായിൽ സേന ഗാസയിൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 61,430 പലസ്തീനികൾ കൊല്ലപ്പെടുകയും 1,53,213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക കണക്കുകൾ പറയുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. കൊല്ലപ്പെട്ട നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പതിനായിരത്തോളം പേരെ യുദ്ധത്തിൽ കാണാതായിട്ടുണ്ട്.