തെൽഅവീവ് – ദക്ഷിണ ഗാസയിലെ റഫയിൽ ആറു ഫലസ്തീൻ പോരാളികൾ കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം അറിയിച്ചു. ടാങ്ക് ഫയറും വ്യോമാക്രമണവും ഉൾപ്പെട്ട ഏറ്റുമുട്ടലിൽ പോരാളികൾ കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി. റഫക്ക് പടിഞ്ഞാറ് സൈന്യത്തിന് സമീപം പോരാളികളെ കണ്ടെത്തി ടാങ്ക് ഫയർ ഉപയോഗിച്ചു. ശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ സൈന്യത്തിന് സമീപമുള്ള പോരാളികളുടെ സാന്നിധ്യവും തുടർന്നുള്ള സംഭവങ്ങളും വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇസ്രായിൽ സൈന്യം പറഞ്ഞു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായിലി ആക്രമണങ്ങളിൽ 165 കുട്ടികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വെടിനിർത്തൽ ആരംഭിച്ച ശേഷം ഗാസയിൽ വ്യോമാക്രമണങ്ങളിലും വെടിവെപ്പുകളിലും കുറഞ്ഞത് 100 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ പറഞ്ഞു. യൂനിസെഫിന്റെ കണക്കനുസരിച്ച് 60 ആൺകുട്ടികളും 40 പെൺകുട്ടികളും വ്യോമാക്രമണങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, ടാങ്ക് ഷെല്ലിംഗ്, വെടിവെപ്പുകൾ എന്നിവയിൽ കൊല്ലപ്പെട്ടു. യഥാർഥ മരണസംഖ്യ ഇതിനെക്കാൾ കൂടുതലായിരിക്കുമെന്ന് യൂനിസെഫ് സൂചിപ്പിക്കുന്നു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വെടിനിർത്തലിനു ശേഷം മാത്രം ഗാസ മുനമ്പിൽ കുറഞ്ഞത് 449 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിൽ മൂന്ന് ഇസ്രായിലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.



