തെൽ അവീവ്: ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക ഓപ്പറേഷന്റെ ആദ്യപടികൾ ഇസ്രായേൽ സൈന്യം സ്വീകരിച്ചതായി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ അറിയിച്ചു. ഹമാസിന്റെ ഭരണ-സൈനിക കേന്ദ്രമായ ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കുമെന്നും, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ ഇതിനകം വളഞ്ഞുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. “ഹമാസ് ഇപ്പോൾ ക്ഷയിച്ച ഗറില്ലാ സേനയാണ്. ഓപ്പറേഷന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു, ഗാസ സിറ്റിയുടെ പ്രാന്തപ്രദേശങ്ങൾ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) നിയന്ത്രിക്കുന്നു,” എഫി ഡെഫ്രിൻ പറഞ്ഞു.
ഹമാസിന്റെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുക്കാനും ഹമാസിനെ പരാജയപ്പെടുത്താനുമുള്ള സമയപരിധി കുറയ്ക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗാസയിൽ ജൂത കുടിയേറ്റ കോളനികൾ നിർമിക്കാനുള്ള ഉദ്ദേശ്യമില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. എന്നാൽ, ഈ വിഷയത്തിൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ നിലപാടിനോട് പ്രധാനമന്ത്രി വിയോജിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതി അന്താരാഷ്ട്ര വിമർശനങ്ങൾക്കിടയിലും മുന്നോട്ടുകൊണ്ടുപോകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷനിൽ പങ്കെടുക്കാൻ വിളിപ്പിച്ച റിസർവ് സൈനികർ സെപ്റ്റംബർ വരെ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത് വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥർക്ക് കുറച്ച് സമയം നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള വിശദമായ പദ്ധതിക്ക് പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് അംഗീകാരം നൽകി. നഗരത്തിന്റെ തെക്കും വടക്കൻ പ്രാന്തപ്രദേശങ്ങളിലും വ്യോമ-പീരങ്കി ആക്രമണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. സെയ്തൂൻ, സബ്ര ജില്ലകളിലും, വടക്കൻ പ്രദേശങ്ങളിലെ ജബാലിയ അൽ-ബലദ്, ജബാലിയ അൽ-നസ്‌ല എന്നീ ഗ്രാമങ്ങളിലും ആക്രമണങ്ങൾ ശക്തമാക്കി. ഈ പ്രദേശങ്ങളിലേക്ക് മടങ്ങിയ താമസക്കാരോട് വീണ്ടും ഒഴിഞ്ഞുപോകാനും തെക്കൻ ഗാസയിലെ അൽ-മവാസിയിലേക്ക് മാറാനും ആവശ്യപ്പെട്ടുകൊണ്ട് ഡ്രോണുകൾ ലഘുലേഖകൾ വർഷിച്ചു.
60,000 റിസർവ് സൈനികരെ വിളിപ്പിച്ചതിനു പുറമേ, 20,000 പേർക്ക് കൂടി റിസർവ് ഓർഡറുകൾ നൽകി. വ്യോമസേനയുടെ പിന്തുണയോടെ അഞ്ചോ ആറോ സൈനിക ഡിവിഷനുകൾ ഈ ഓപ്പറേഷനിൽ പങ്കെടുക്കും, ഇത് നാല് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇസ്രായേലിന്റെ ഈ സൈനിക നടപടിയും വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കോളനി നിർമാണത്തിനുള്ള അംഗീകാരവും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. “ഫലസ്തീൻ ജനതയെ രക്ഷിക്കാനും ദ്വിരാഷ്ട്ര പരിഹാരം നേടാനും അന്താരാഷ്ട്ര സമൂഹം ഇപ്പോൾ പ്രവർത്തിക്കണം. അല്ലെങ്കിൽ ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകും. ഇസ്രായേലിന്റെ തീരുമാനങ്ങൾ ഫലസ്തീൻ രാഷ്ട്രത്തിന്റെ ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം അംഗീകരിക്കാൻ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കണം. വംശഹത്യയും പട്ടിണിയും അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കണം,” മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾ മാനുഷിക സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുമെന്നും, സാധാരണക്കാരുടെയും ഹമാസ് തടവിലാക്കിയ ബന്ദികളുടെയും ജീവൻ അപകടത്തിലാക്കുമെന്നും റെഡ് ക്രോസിന്റെ പ്രതിനിധി ജൂലിയൻ ലെയ്റിസൺ മുന്നറിയിപ്പ് നൽകി. “സംഘർഷം മൂർഛിക്കുന്നത് മാനുഷിക ദുരിതങ്ങൾ വർധിപ്പിക്കുകയും കൂടുതൽ കുടുംബങ്ങളെ വേർപെടുത്തുകയും ബന്ദികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. ഗാസയിലെ 80% ജനസംഖ്യ ഇതിനകം ഒഴിപ്പിക്കൽ ഉത്തരവുകളാൽ ദുരിതമനുഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ കുടിയിറക്കൽ നടപ്പാക്കുന്നത് യുക്തിരഹിതമാണ്,” അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിനു ശേഷം തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 62,122 ഫലസ്തീനികൾ കൊല്ലപ്പെടുകയും 156,758 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.