ഗാസ – ഇസ്രായേൽ അധിനിവേശം നിലനിൽക്കുന്നിടത്തോളം കാലം ആയുധവും ചെറുത്തുനിൽപ്പും ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഹമാസ് വ്യക്തമാക്കി. അന്താരാഷ്ട്ര കൺവെൻഷനുകളും മാനദണ്ഡങ്ങളും ഇതിനെ അംഗീകരിക്കുന്നുണ്ടെന്നും, തങ്ങളുടെ ആയുധങ്ങളും ചെറുത്തുനിൽപ്പും ദേശീയവും നിയമപരവുമായ അവകാശമാണെന്നും ഹമാസ് പ്രസ്താവിച്ചു. തെൽ അവീവിൽ യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പ്രസ്താവനകൾക്ക് മറുപടിയായാണ് ഹമാസിന്റെ ഈ നിലപാട്.
ഇസ്രായേൽ ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ആയുധം ഉപേക്ഷിക്കാൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചതായി വിറ്റ്‌കോഫ് അവകാശപ്പെട്ടു. എന്നാൽ, യുദ്ധം വിപുലീകരിക്കാനല്ല, മറിച്ച് അത് എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കുടുംബങ്ങളോട് വ്യക്തമാക്കി.
വ്യാഴാഴ്ച മുതൽ ഇസ്രായേലിൽ സന്ദർശനം നടത്തുന്ന വിറ്റ്‌കോഫ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. വെള്ളിയാഴ്ച അദ്ദേഹം ഗാസ മുനമ്പ് സന്ദർശിച്ച ശേഷം, ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. “വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കാതിരിക്കാൻ ഹമാസിന് ഒരു കാരണവുമില്ല. അവർ പട്ടിണിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഗാസയിൽ പട്ടിണിയില്ല,” വിറ്റ്‌കോഫ് കൂടിക്കാഴ്ചയിൽ പറഞ്ഞു. എന്നാൽ, വിറ്റ്‌കോഫിന്റെ ഗാസ മുനമ്പ് സന്ദർശനം പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള, മുൻകൂട്ടി തയാറാക്കിയ നാടകവും പ്രഹസനവുമാണെന്ന് ഹമാസ് ആരോപിച്ചു.
വിറ്റ്‌കോഫിന്റെ പ്രസ്താവനകളും ഹമാസിന്റെ നിഷേധവും സമഗ്രമായ വെടിനിർത്തൽ കരാറിന്റെ സാധ്യതയെക്കുറിച്ച് സംശയം ഉയർത്തുന്നു. യുദ്ധം അവസാനിപ്പിക്കുന്ന ഒരു കരാറിനെ ഹമാസ് എതിര്‍ക്കുന്നില്ല. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ ഹമാസിനെ നിരായുധീകരിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെടുന്നു.