കയ്റോ ∙ ഗാസയിൽ 22 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഈ വാർത്ത പുറത്തുവിട്ടത്. മുന്നോട്ടുവച്ച കരാറിൽ യാതൊരു ഭേദഗതിയും ആവശ്യപ്പെടാതെ ഹമാസ് സമ്മതം അറിയിച്ചതായാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങൾ എഎഫ്‌പിയോട് വ്യക്തമാക്കിയത്.
ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് ഹമാസ് വെടിനിർത്തലിന് സമ്മതം അറിയിച്ചത്. ഇതോടെ, ഗാസയിൽ നീണ്ട 22 മാസത്തെ സംഘർഷത്തിന് വിരാമമാകുമെന്നാണ് പ്രതീക്ഷ.
കരാറിന്റെ ആദ്യ ഘട്ടമായി 60 ദിവസത്തെ പ്രാരംഭ വെടിനിർത്തൽ നടപ്പാക്കും. ഈ താൽക്കാലിക വെടിനിർത്തലിനിടെ രണ്ട് ഘട്ടങ്ങളിലായി ബന്ദികളെ മോചിപ്പിക്കും. ഈ കാലയളവിൽ, സ്ഥിരമായ വെടിനിർത്തലിനും ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റത്തിനുമുള്ള ചർച്ചകൾ നടക്കും.
തടവിലിരിക്കെ മരിച്ച 18 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാനും ഹമാസ് സമ്മതിച്ചതായി ‘ദി നാഷനൽ’ റിപ്പോർട്ട് ചെയ്തു. ആയുധങ്ങൾ ഉപേക്ഷിക്കാനും, രാജ്യാന്തര മേൽനോട്ടത്തിൽ ആയുധങ്ങൾ സൂക്ഷിക്കാനും, യു.എൻ മേൽനോട്ടത്തിൽ ഗാസയിൽ ഒരു അറബ് സേന വിന്യസിക്കാനും ഹമാസ് തയാറായിട്ടുണ്ട്.
എന്നാൽ, പുതിയ കരാറിനോട് ഇസ്രയേൽ യോജിക്കുമോ എന്ന് വ്യക്തമല്ല. ഹമാസ് ആയുധങ്ങൾ വച്ച് കീഴടങ്ങണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. കഴിഞ്ഞ ആഴ്ച ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിൽ ചർച്ചകൾക്കായി എത്തിയിരുന്നു. ഗാസയിൽ നിന്ന് സൈന്യം പിൻവലിക്കുന്നതിനും ദീർഘകാല വെടിനിർത്തലിനും വേണ്ടിയുള്ള പരോക്ഷ ചർച്ചകൾ ആരംഭിക്കാനും കരാറിൽ നിർദേശമുണ്ട്. അതുവരെ മേഖലയിൽ തൽസ്ഥിതി തുടരുമെന്ന് യുഎസ് രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സൂചന.