ഗാസ – യു.എസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ ഗാസ സന്ദര്‍ശനം മുന്‍കൂട്ടി തയാറാക്കിയ നാടകമാണെന്ന് ഹമാസ്. വിറ്റ്‌കോഫിന്റെ ഇന്നലത്തെ ഗാസ സന്ദര്‍ശനം പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഹസനമാണ്. ഗാസയില്‍ നടക്കുന്ന പട്ടിണിയുടെയും വംശഹത്യയുടെയും കുറ്റകൃത്യത്തില്‍ യു.എസ് ഭരണകൂടം പൂര്‍ണ പങ്കാളിയാണ്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്നറിയപ്പെടുന്ന സംഘടനയുടെ മേല്‍നോട്ടത്തിലുള്ള സഹായ വിതരണ കേന്ദ്രങ്ങളിലേക്കുള്ള വിറ്റ്‌കോഫിന്റെ സന്ദര്‍ശനം പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും ഇസ്രായിലിന്റെ പ്രതിച്ഛായ മിനുക്കാനും, പട്ടിണി ആസൂത്രണം ചെയ്യാനും ഗാസയിലെ ജനങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തുന്നത് തുടരാനും ഇസ്രായിലിന് രാഷ്ട്രീയ കവചം നല്‍കാനും രൂപകല്‍പന ചെയ്ത മുന്‍കൂട്ടി തയാറാക്കിയ പ്രഹസനമല്ലാതെ മറ്റൊന്നുമല്ലെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
വിറ്റ്‌കോഫിന്റെ പ്രസ്താവനകളും സഹായ വിതരണം സമാധാനപരമാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചുള്ള ഫോട്ടോകള്‍ പുറത്തുവിട്ടതും വ്യാജമാണെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ സഹായത്തിനായി കാത്തിരുന്ന 1,300 ലേറെ ആളുകള്‍ ഇസ്രായിലി സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഈ നൂറ്റാണ്ടിലെ കുറ്റകൃത്യം തുറന്നുകാട്ടാനും ആക്രമണം അവസാനിപ്പിക്കാനും ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കാനും ഫലസ്തീന്‍ ജനങ്ങളുടെ മേലുള്ള അന്യായമായ ഉപരോധം പിന്‍വലിക്കാനും സഹായിക്കുന്ന വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാന്‍ ശ്രമിച്ച് യു.എസ് ഭരണകൂടം തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഹമാസിന് ഒരു കാരണവുമില്ലെന്ന് ഇന്ന് രാവിലെ വിറ്റ്‌കോഫ് പ്രസ്താവിച്ചു. ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളുമായി തെല്‍അവീവില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ, ഗാസയില്‍ പട്ടിണിയില്ലെന്നും വിറ്റ്‌കോഫ് പറഞ്ഞു. യുദ്ധം വികസിപ്പിക്കുകയല്ല, മറിച്ച് അത് അവസാനിപ്പിക്കുക എന്നതാണ് അമേരിക്കയുടെ പദ്ധതി. ഭാഗിക വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനു പകരം, യുദ്ധം അവസാനിപ്പിക്കുന്നതിലും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിലുമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കേണ്ടത് – വിറ്റ്‌കോഫ് കൂട്ടിച്ചേര്‍ത്തു.