ഗാസ ∙ ഗാസയിൽ അഞ്ച് ലക്ഷം ഫലസ്തീനികൾ കടുത്ത പട്ടിണിയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) വ്യക്തമാക്കി. ഉപരോധം നേരിടുന്ന ഗാസയിൽ മാനുഷിക സഹായം വിപുലീകരിക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്ന് ഡബ്ല്യു.എഫ്.പി ആവശ്യപ്പെട്ടു. നിലവിൽ ഗാസയിലെത്തുന്ന സഹായം ആവശ്യത്തിന്റെ വളരെ താഴെയാണ്. ഭക്ഷ്യവിതരണം, ചൂടുള്ള ഭക്ഷണ വിതരണം, ഡബ്ല്യു.എഫ്.പി പിന്തുണയ്ക്കുന്ന ബേക്കറികളുടെ പ്രവർത്തനം എന്നിവ പുനരാരംഭിക്കണമെങ്കിൽ കൂടുതൽ സഹായം അനിവാര്യമാണ്. ഭക്ഷ്യവസ്തുക്കൾ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിന് വെടിനിർത്തൽ മാത്രമാണ് പോംവഴിയെന്ന് ഡബ്ല്യു.എഫ്.പി വ്യക്തമാക്കി.
2023 ഒക്ടോബർ 7 മുതൽ ഇസ്രയേലിന്റെ ഉപരോധവും തുടർന്നുള്ള യുദ്ധവും മൂലം ഗാസ മുനമ്പിലെ 10 ലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും കൂട്ടപ്പട്ടിണി നേരിടുന്നതായി യു.എൻ ഫലസ്തീൻ അഭയാർഥി ദുരിതാശ്വാസ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഇസ്രയേൽ ഗാസയിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയ 6 പേർ ഉൾപ്പെടെ 15 ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 കുട്ടികൾ ഉൾപ്പെടെ 5 ഫലസ്തീനികൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചതായി ഫലസ്തീൻ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, ഗാസയിൽ പട്ടിണിമൂലമുള്ള മരണസംഖ്യ 263 ആയി ഉയർന്നു, ഇതിൽ 112 പേർ കുട്ടികളാണ്.
ഇസ്രയേൽ ഗാസയിൽ മനഃപൂർവം പട്ടിണിനയം നടപ്പാക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ആരോപിച്ചു. ഫലസ്തീനികളുടെ ആരോഗ്യം, സുരക്ഷ, സാമൂഹിക ഘടന എന്നിവ ആസൂത്രിതമായി നശിപ്പിക്കപ്പെടുന്നതായും 22 മാസമായി ഇസ്രയേൽ നടപ്പാക്കുന്ന നയങ്ങൾ വംശഹത്യയുടെ ഭാഗമാണെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.