ഗാസ – ഗാസയില്‍ 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,034 ആയി ഉയര്‍ന്നതായും 145,870 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 രക്തസാക്ഷികളെയും പരിക്കേറ്റ 637 പേരെയും ഗാസയിലെ ആശുപത്രികളില്‍ എത്തിച്ചു. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 62 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 19 പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളിലാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായില്‍ യുദ്ധം പുനരാരംഭിച്ച ശേഷം ഗാസയില്‍ 8,867 പേര്‍ രക്തസാക്ഷികളാവുകയും 33,829 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഏതാനും മണിക്കൂറുകള്‍ക്കിടെ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം 22 പേര്‍ കൊല്ലപ്പെട്ടതായും 199 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയുള്ള, ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം കൊല്ലപ്പെട്ടവരുടെ എണ്ണം 1,179 ആയും പരിക്കേറ്റവരുടെ എണ്ണം 7,957 ആയും ഉയര്‍ന്നു. ഇന്നലെ രാത്രി മുതല്‍ ഇന്നു പുലര്‍ച്ചെ വരെ മധ്യ ഗാസയിലെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ 30 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ അറിയിച്ചു.
ഗാസയിലെ പട്ടിണി പ്രതിസന്ധി വഷളാകുന്നതിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഗാസ സിറ്റി, ദെയ്ര്‍ അല്‍ബലഹ്, അല്‍മവാസി എന്നിവിടങ്ങളിലെ സൈനിക നടപടികള്‍ ദിവസവും 10 മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്നും സഹായ വിതരണത്തിനുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ നിര്‍ണയിക്കുമെന്നും ഇസ്രായില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സമൂഹം വ്യോമമാര്‍ഗം റിലീഫ് വസ്തുക്കള്‍ ഇട്ടുനല്‍കുന്നതും പുനരാരംഭിച്ചു. എന്നിരുന്നാലും, ഗാസയില്‍ വര്‍ധിച്ചുവരുന്ന പട്ടിണി പരിഹരിക്കാന്‍ ഈ നടപടികള്‍ പര്യാപ്തമല്ലെന്ന് എയ്ഡ് ഏജന്‍സികള്‍ പറയുന്നു.