ഗാസ ∙ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പുകളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 2,560 ആയി ഉയർന്നതായി ഫലസ്തീൻ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 18,703 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലെ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പുകളിൽ 17 പേർ കൊല്ലപ്പെട്ടു, 89 പേർക്ക് പരിക്കേറ്റു.
2023 ഒക്ടോബർ 7 മുതൽ ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ രക്തസാക്ഷികളായവരുടെ എണ്ണം 65,926 ആയും പരിക്കേറ്റവരുടെ എണ്ണം 1,67,783 ആയും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 മൃതദേഹങ്ങളും 265 പരിക്കേറ്റവരും ഗാസ ആശുപത്രികളിലെത്തിയതായി മെഡിക്കൽ വൃത്തങ്ങൾ വഫാ വാർത്താ ഏജൻസിയോട് പറഞ്ഞു.
വെടിനിർത്തൽ കരാർ ലംഘിച്ച് 2025 മാർച്ച് 18 മുതൽ 13,060 പേർ കൊല്ലപ്പെട്ടു, 55,742 പേർക്ക് പരിക്കേറ്റു. നിരവധി ഇരകൾ അവശിഷ്ടങ്ങളിലും തെരുവുകളിലുമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് സംഘത്തിനും അവരിലേക്ക് എത്താൻ കഴിയാത്തതായും മെഡിക്കൽ വൃത്തങ്ങൾ വ്യക്തമാക്കി.