ഗാസ – ഗാസ യുദ്ധത്തിന്റെ ആദ്യ 16 മാസങ്ങളില്‍ 75,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി. അക്കാലയളവില്‍ പ്രാദേശിക അധികൃതര്‍ പ്രഖ്യാപിച്ച ഔദ്യോഗിക മരണസംഖ്യയേക്കാള്‍ 25,000 കൂടുതലാണിത്. മരിച്ചവരില്‍ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരുടെ അനുപാതം സംബന്ധിച്ച് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ കൃത്യതയും പഠനം സ്ഥിരീകരിച്ചു. 2023 ഒക്ടോബര്‍ 7 നും 2025 ജനുവരി 5 നും ഇടയില്‍ ഏകദേശം 42,000 സ്ത്രീകളും കുട്ടികളും പ്രായമായവരും മരിച്ചതായി പഠനം വ്യക്തമാക്കി. ഗാസ യുദ്ധത്തില്‍ മരണപ്പെട്ടവരില്‍ 56 ശതമാനവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്.
2025 ജനുവരി 5 വരെ, ഗാസ മുനമ്പിലെ ജനസംഖ്യയുടെ 3 മുതല്‍ 4 ശതമാനം വരെ ആളുകള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ സംഘര്‍ഷത്തിന്റെ പരോക്ഷ ഫലങ്ങളാല്‍ മരണപ്പെട്ടതായും സംയോജിത തെളിവുകള്‍ സൂചിപ്പിക്കുന്നതായി സാമ്പത്തിക ശാസ്ത്രജ്ഞന്‍, ജനസംഖ്യാശാസ്ത്രജ്ഞന്‍, പകര്‍ച്ചവ്യാധി വിദഗ്ധന്‍, സര്‍വേ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘം ഉള്‍പ്പെട്ട പഠനത്തിന്റെ രചയിതാക്കള്‍ ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ കുറിച്ചു.
ഗാസയിലെ മരണസംഖ്യ ഇപ്പോഴും ഒരു തര്‍ക്കവിഷയമാണ്. മരണ സംഖ്യയുമായി ബന്ധപ്പെട്ട് ഗാസ ആരോഗ്യ അധികൃതര്‍ സമാഹരിച്ച കണക്കുകള്‍ ഏറെക്കുറെ കൃത്യമാണെന്ന് മുതിര്‍ന്ന ഇസ്രായിലി സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മാസം ഇസ്രായിലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മരണസംഖ്യയുമായി ബന്ധപ്പെട്ട ഡാറ്റയെ കുറിച്ച് മാസങ്ങളായി ഔദ്യോഗികമായി സംശയം പ്രകടിപ്പിച്ച ഇസ്രായിലിന്റെ ഭാഗത്തു നിന്നുള്ള നാടകീയമായ മാറ്റമായി ഇത് അടയാളപ്പെടുത്തുന്നു. 2023 ഒക്ടോബര്‍ മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കാണാതായവരെ ഉള്‍പ്പെടുത്താതെ ഏകദേശം 70,000 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഇസ്രായിലി ആക്രമണങ്ങളില്‍ നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 71,000 കവിഞ്ഞതായി ഗാസയിലെ ആരോഗ്യ അധികൃതര്‍ സ്ഥിരീകരിക്കുന്നു. ഇക്കൂട്ടത്തില്‍ 570 ലേറെ പേര്‍ 2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ദി ലാന്‍സെറ്റില്‍ പഠനം പ്രസിദ്ധീകരിച്ച ഗവേഷകര്‍, യുദ്ധത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതിനെളേക്കാള്‍ 40 ശതമാനം കൂടുതലാണെന്നും വ്യക്തമാക്കുന്നു.
ഔദ്യോഗിക മരണസംഖ്യ യഥാര്‍ഥ മരണസംഖ്യയേക്കാള്‍ വളരെ കുറവാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഗാസ മുനമ്പിലെ ജനസംഖ്യയുടെ പ്രതിനിധികളായി ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത 2,000 കുടുംബങ്ങളില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷകരുടെ പഠനം. കുടുംബാംഗങ്ങള്‍ക്കിടയിലെ മരണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടു. സര്‍വേ നടത്തിയത് ഫലസ്തീനിലും മേഖലയിലെ മറ്റ് ഭാഗങ്ങളിലും പ്രവര്‍ത്തിച്ച പരിചയസമ്പന്നരാണ്.
2023 ഒക്ടോബറിനും 2025 ജനുവരിക്കും ഇടയില്‍ ഗാസയില്‍ പോഷകാഹാരക്കുറവും ചികിത്സ ലഭിക്കാത്ത രോഗങ്ങളും പോലുള്ള പരോക്ഷ പ്രത്യാഘാതങ്ങള്‍ മൂലം 8,200 പേര്‍ മരണപ്പെട്ടതായി പുതിയ ഗവേഷണം സൂചിപ്പിക്കുന്നതായി 20 വര്‍ഷത്തിലേറെയായി സംഘര്‍ഷങ്ങളിലെ ഇരകളെ കണക്കാക്കുന്ന, പിയര്‍-റിവ്യൂഡ് പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളും ലണ്ടന്‍ റോയല്‍ ഹോളോവേ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ മൈക്കല്‍ സ്പാഗാറ്റ് പറഞ്ഞു. ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധിയുടെ ഏറ്റവും കഠിനമായ കാലഘട്ടത്തെയല്ല, ഇസ്രായില്‍ ആക്രമണത്തിന്റെ ഏറ്റവും തീവ്രവും മാരകവുമായ കാലഘട്ടത്തെയാണ് പഠനം ഉള്‍ക്കൊള്ളുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗാസയില്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ധര്‍ പട്ടിണി പ്രഖ്യാപിച്ചു. കൃത്യമായ മരണസംഖ്യയില്‍ എത്താന്‍ ഗണ്യമായ സമയവും വിഭവങ്ങളും വേണ്ടിവരുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. തങ്ങളുടേത് ഉള്‍പ്പെടെ, നിലവിലുള്ള എല്ലാ കണക്കുകളിലും പിശകുകളുടെ വലിയ മാര്‍ജിനുകള്‍ ഉണ്ടാകാമെന്ന് അവര്‍ സൂചിപ്പിച്ചു.



