ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ഗാസ നഗരത്തിലെ അല്‍സബ്ര ഡിസ്ട്രിക്ടിലുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു. പരിക്കേറ്റവരെ ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയിലേക്ക് നീക്കി. ദമ്പതികളും അവരുടെ രണ്ട് പെണ്‍മക്കളുമാണ് മരിച്ചതെന്ന് മഹ്‌മൂദ് ബസല്‍ വ്യക്തമാക്കി.
വ്യോമാക്രമണത്തില്‍ അപ്പാര്‍ട്ട്‌മെന്റ് തകരുകയും സമീപത്തെ ഏതാനും അപ്പാര്‍ട്ടുമെന്റുകള്‍ക്കും ബഹുനില കെട്ടിടത്തിനും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് അല്‍ശിഫ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം സ്ഥിരീകരിച്ചു. തന്റെ പിതൃസഹോദരന്റെ മകനും കുടുംബവും ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ രണ്ടു മണിക്കാണ് അപാര്‍ട്ട്‌മെന്റ് ലക്ഷ്യമിട്ട് ഇസ്രായില്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നും അവര്‍ക്ക് ഹമാസുമായോ മറ്റേതെങ്കിലും ഗ്രൂപ്പുമായോ യാതൊരു ബന്ധവുമില്ലെന്നും അവര്‍ നിരപരാധികളാണെന്നും നായില്‍ അല്‍സ്വഫദി പറഞ്ഞു.
ആക്രമണ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പുറംഭിത്തി പൂര്‍ണ്ണമായും തകര്‍ന്നതായും, തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍, വസ്ത്രങ്ങള്‍, മെത്തകള്‍, സാധനങ്ങള്‍ എന്നിവ ചിതറിക്കിടക്കുന്നതായും കാണിച്ചു. ഇസ്രായില്‍ ആക്രമിക്കുന്നവരെല്ലാം സാധാരണക്കാരാണ്. ഞാന്‍ ഒരു സാധാരണക്കാരനാണ്. ദൈവമാണ് സത്യം, ഞാന്‍ ഒരിക്കലും ആയുധം കൈവശം വെച്ചിട്ടില്ല, വെടിയുതിര്‍ത്തിട്ടില്ലെന്ന് ആക്രമണത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മുഹമ്മദ് അല്‍സ്വഫദി വ്യക്തമാക്കി.
വടക്കുപടിഞ്ഞാറന്‍ ഗാസ സിറ്റിയിലെ ഇബാദുറഹ്‌മാന്‍ ഡിസ്ട്രിക്ടില്‍ ഒരു കൂട്ടം ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായില്‍ ഡ്രോണ്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റൊരാളുടെ മൃതദേഹം അല്‍ശിഫ ആശുപത്രിയിലെത്തിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇസ്രായില്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ അല്‍ജസീറ ലൈവ് മാധ്യമപ്രവര്‍ത്തകന്‍ അഹ്‌മദ് വിശാഹ് അടക്കം ആറു പേര്‍ കൂടി കൊല്ലപ്പെട്ടു. മധ്യഗാസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിലെ വീടിനു നേരെ ഇസ്രായില്‍ വിമാനം നടത്തിയ ആക്രമണത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍ കൂടി കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന, അല്‍ജസീറ ചാനല്‍ നെറ്റ്വര്‍ക്കിലെ പന്ത്രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് അഹ്‌മദ് വിശാഹ്. തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ തുടര്‍ച്ചയായ ഇസ്രായില്‍ ആക്രമണങ്ങളെ അല്‍ജസീറ നെറ്റ്വര്‍ക്ക് അപലപിച്ചു. ഇസ്രായില്‍ അധിനിവേശ സേന ഗാസയിലെ തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടത്തുന്ന തുടര്‍ച്ചയായ കുറ്റകൃത്യങ്ങളെ തങ്ങള്‍ അപലപിക്കുന്നു. ഈ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രായിലി ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ അടിയന്തര പ്രായോഗിക നടപടികള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര സമൂഹത്തോടും ബന്ധപ്പെട്ട നിയമ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്യുന്നുവെന്ന് അല്‍ജസീറ പ്രസ്താവനയില്‍ പറഞ്ഞു. ഹമാസില്‍ പ്രവര്‍ത്തിക്കുന്ന ഭീകരനാണ് അഹ്‌മദ് വിശാഹ് എന്ന് ഇസ്രായില്‍ സൈന്യം ആരോപിച്ചു.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയ, ഗാസ സിറ്റിയുടെ പടിഞ്ഞാറ് അല്‍റാശിദ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ മറ്റ് മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് പ്രത്യേക പ്രസ്താവനകളില്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം, ഗാസ മുനമ്പില്‍ ആയിരത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് പ്രസ്ഥാനം നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ അഞ്ച് സൈനികര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു.



