ഹേഗ്: ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായിലിനെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭയുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ഡച്ച് വിദേശ മന്ത്രി കാസ്പർ വെൽഡ്കാമ്പ് രാജിവച്ചു. ഇസ്രായിലിനെതിരെ ഫലപ്രദമായ നടപടികളിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ തന്റെ സ്ഥാനം ഒഴിയുകയാണെന്ന് മധ്യവലതുപക്ഷ ന്യൂ സോഷ്യൽ കോൺട്രാക്ട് പാർട്ടി അംഗമായ വെൽഡ്കാമ്പ് വ്യക്തമാക്കി. നിലവിലുള്ള ഉപരോധങ്ങളെച്ചൊല്ലി മന്ത്രിസഭയിലെ സഹപ്രവർത്തകരിൽനിന്ന് ആവർത്തിച്ച് എതിർപ്പ് നേരിടേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികൾക്കെതിരായ അക്രമങ്ങൾക്ക് പ്രേരണ നൽകുന്നതിൽ പങ്കുള്ളതായി ചൂണ്ടിക്കാട്ടി, തീവ്ര വലതുപക്ഷ ഇസ്രായേലി മന്ത്രിമാരായ ബെസലെൽ സ്മോട്രിച്ചിനും ഇറ്റാമർ ബെൻ-ഗ്വിറിനും ഡെന്മാർക്കിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ വെൽഡ്കാമ്പ് നേരത്തെ ശ്രമിച്ചിരുന്നു. ഗാസയിലെ വഷളായ സാഹചര്യങ്ങളും അനഭിലഷണീയമായ അന്തിമ ഉപയോഗത്തിന്റെ അപകടസാധ്യതയും ചൂണ്ടിക്കാട്ടി, നാവിക കപ്പലുകളുടെ ഘടകങ്ങൾ ഇസ്രായിലിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള മൂന്ന് പെർമിറ്റുകൾ അദ്ദേഹം റദ്ദാക്കിയിരുന്നു.
“ഗാസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന അക്രമങ്ങൾ ഞാൻ കാണുന്നു. തർക്കഭൂമിയായ ഇ-1 പ്രദേശത്തും കിഴക്കൻ ജറുസലേമിലും ജൂത കുടിയേറ്റ കോളനികൾ നിർമിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്,” വെൽഡ്കാമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെൽഡ്കാമ്പിന്റെ രാജിയെ തുടർന്ന്, ന്യൂ സോഷ്യൽ കോൺട്രാക്ട് പാർട്ടിയിലെ എല്ലാ മന്ത്രിമാരും സ്റ്റേറ്റ് സെക്രട്ടറിമാരും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇടക്കാല സർക്കാരിൽനിന്ന് രാജിവച്ചു. ഇസ്രായിലിനെതിരെ കർശന ഉപരോധങ്ങൾ ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്റെ വർധിച്ച സമ്മർദവും വെൽഡ്കാമ്പ് നേരിട്ടിരുന്നു.
ഇസ്രായിലുമായുള്ള യൂറോപ്യൻ യൂണിയന്റെ വ്യാപാര കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ വെൽഡ്കാമ്പ് ശ്രമിച്ചെങ്കിലും ജർമനിയുടെ എതിർപ്പ് അദ്ദേഹത്തെ നിരാശനാക്കി. നെതർലാൻഡ്‌സ് സ്വന്തം നിലയ്ക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് പാർലമെന്റിൽനിന്ന് ശക്തമായ ആവശ്യവും ഉയർന്നിരുന്നു.
നെതർലാൻഡ്‌സ് ഇസ്രായിലിനെതിരെ പരിമിതമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇസ്രായിലിന്റെ എഫ്-35 യുദ്ധവിമാനങ്ങളുടെ വിതരണ ശൃംഖലയെ പിന്തുണയ്ക്കുന്നത് തുടരുന്നു. ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെഴ്‌സ്‌ക് നടത്തുന്ന റോട്ടർഡാം തുറമുഖത്ത് എഫ്-35 ഭാഗങ്ങൾ വഹിക്കുന്ന കപ്പലുകൾ ഇടയ്ക്കിടെ നങ്കൂരമിടുന്നതായി ഫലസ്തീൻ യൂത്ത് മൂവ്മെന്റിന്റെ ഗവേഷണം വെളിവാക്കുന്നു. 2023 ഒക്ടോബർ മുതൽ ഗാസയിലെ യുദ്ധത്തിൽ 62,000-ലേറെ പേർ കൊല്ലപ്പെടുകയും ഗാസയുടെ ഭൂരിഭാഗവും തകർക്കപ്പെടുകയും ചെയ്തു.
ഈ ആഴ്ചയുടെ തുടക്കത്തിൽ, വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കോളനികളുടെ വിപുലീകരണത്തിന് ഇസ്രായിൽ അനുമതി നൽകിയതിനെ നെതർലാൻഡ്‌സ് ഉൾപ്പെടെ 20 രാജ്യങ്ങൾ സംയുക്തമായി അപലപിച്ചു. ഇസ്രായിലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഈ രാജ്യങ്ങൾ വിശേഷിപ്പിച്ചു.