ഗാസ– ഗാസയിലെ യുദ്ധം അവിടുത്തെ ജനനനിരക്കിൽ 41 ശതമാനം കുറഞ്ഞതായി വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുദ്ധം മാതൃ-ശിശു ആരോഗ്യ മേഖലയെ തകർക്കുകയും മാതൃമരണങ്ങൾ, ഗർഭഛിദ്രങ്ങൾ, നവജാതശിശു മരണങ്ങൾ എന്നിവ വർധിപ്പിക്കുകയും ചെയ്തു. ഷിക്കാഗോ യൂണിവേഴ്‌സിറ്റി ലോ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആരോഗ്യ സംവിധാനങ്ങളുടെ വ്യവസ്ഥാപിത തകർച്ചയും പട്ടിണിയും പലായനവും ഗർഭിണികളുടെ ജീവിതം ദുസ്സഹമാക്കി. 2025-ന്റെ ആദ്യ പകുതിയിൽ ഏകദേശം 2,600 ഗർഭം അലസലുകളും 220 മാതൃമരണങ്ങളും 1,460 അകാല ജനനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇസ്രായേൽ സൈന്യം ആശുപത്രികളെയും മെഡിക്കൽ സംവിധാനങ്ങളെയും ലക്ഷ്യം വെച്ചത് പൊതുജനാരോഗ്യത്തെ പൂർണ്ണമായും തകർത്തു. വംശഹത്യയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിയിൽ വരുന്ന തരത്തിൽ, പലസ്തീനികളുടെ പ്രത്യുൽപാദന ശേഷിയെ തടയാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഗാസയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി സെന്റർ ആക്രമിക്കപ്പെട്ടതും ആയിരക്കണക്കിന് പ്രത്യുൽപാദന സാമ്പിളുകൾ നശിപ്പിക്കപ്പെട്ടതും ഇതിന് ഉദാഹരണമായി റിപ്പോർട്ടിലുണ്ട്. യുഎൻ കണക്കുകൾ പ്രകാരം യുദ്ധത്തിന്റെ ആദ്യ ആറുമാസങ്ങളിൽ പ്രതിമണിക്കൂർ രണ്ടുപേർ എന്ന തോതിൽ 6,000-ത്തോളം അമ്മമാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥയും അവശേഷിക്കുന്ന രോഗങ്ങളും ആക്രമണങ്ങളും കാരണം കുട്ടികളുടെ മരണം തുടരുകയാണ്. ക്യാമ്പുകളിലെ ദുരിതപൂർണ്ണമായ ജീവിതം വരും തലമുറകളെപ്പോലും ബാധിക്കുന്ന തരത്തിലുള്ള വലിയ പ്രത്യാഘാതങ്ങളാണ് ഗാസയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.



