ഗാസ – തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിലെ ബനീസുഹൈല ഗ്രാമത്തിൽ ഇസ്രായിൽ ആക്രമണത്തിൽ ഒരു വനിത ഉൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ പത്തിന് പ്രാബല്യത്തിൽവന്ന വെടിനിർത്തൽ പ്രകാരം നിലവിൽവന്ന അതിർത്തി രേഖയായ യെല്ലോ ലൈനിൽ നിന്ന് 200 മീറ്ററിൽ കുറയാത്ത അകലെയുള്ള ഗ്രാമത്തിലെ വീടുകളിൽ എത്താൻ ശ്രമിക്കുന്നവരെയാണ് ഇസ്രായിൽ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ മെഡിക്കൽ, സിവിൽ ഡിഫൻസ് സംഘങ്ങൾക്കോ അന്താരാഷ്ട്ര സംഘടനകൾക്കോ കഴിഞ്ഞില്ല.
ഫലസ്തീൻ വനിതയെയാണ് ഇസ്രായിൽ സൈന്യം ആദ്യം കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം നീക്കം ചെയ്യാൻ ശ്രമിച്ച യുവാവിനെയും സൈന്യം വെടിവെച്ചുകൊന്നു. തുടർന്ന് മറ്റ് രണ്ട് പേർ മൃതദേഹങ്ങൾ കിടന്ന സ്ഥലത്തേക്ക് എത്താൻ ശ്രമിച്ചു. അവരും കൊല്ലപ്പെടുകയായിരുന്നെന്ന് ഫലസ്തീൻ വൃത്തങ്ങൾ പറഞ്ഞു.
ഇന്ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിന്റെയും റാഫയുടെയും തീരത്ത് ഫലസ്തീനികളുടെ മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ ഇസ്രായിൽ സൈനിക ബോട്ടുകൾ കനത്ത വെടിവെപ്പ് നടത്തി. ഇതോടൊപ്പം ഗാസ മുനമ്പിന്റെ കിഴക്കൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായിലി സൈനിക വാഹനങ്ങൾ പീരങ്കി ഷെല്ലാക്രമണവും വെടിവെപ്പും നടത്തി.
കഴിഞ്ഞ ഒക്ടോബറിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിൽ അംഗീകരിച്ച ഘട്ടംഘട്ടമായുള്ള പിൻവാങ്ങലിന്റെ ഭാഗമായി ഗാസ മുനമ്പിൽ നിന്നുള്ള പിൻവാങ്ങൽ ഭൂപടത്തിൽ അടയാളപ്പെടുത്തിയ മഞ്ഞ രേഖയെ ഇസ്രായിൽ മരണക്കെണിയാക്കി മാറ്റിയതായി ഫലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. യെല്ലോ ലൈനിനെ സമീപിക്കുന്ന ആരെയും ഇസ്രായിൽ സൈന്യം കൊല്ലുകയാണ്. യെല്ലോ ലൈനിന് സമീപം ദിവസേന ഒരാളെയെങ്കിലും ഇസ്രായിൽ കൊലപ്പെടുത്തുന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും രേഖപ്പെടുത്തുന്നു. തെക്കൻ ഗാസയിലാണ് യെല്ലോ ലൈനിനു സമീപം ഇസ്രായിൽ സൈന്യം കൂടുതൽ പേരെ കൊലപ്പെടുത്തിയിരിക്കുന്നത്.
മഞ്ഞ രേഖ ഇസ്രായിൽ സൈന്യം മനഃപൂർവം ഗാസ മുനമ്പിലേക്ക് കൂടുതൽ നീക്കിയതിനാൽ ഇരകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്ന ഫലസ്തീനികൾക്ക് ഇത് അനുദിനം കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. യെല്ലോ ലൈൻ കൂടുതൽ ആഴത്തിൽ ഗാസയിലേക്ക് നീക്കുന്നതിന് മുമ്പ് ഫലസ്തീനികൾക്ക് സുരക്ഷിതമായി എത്തിച്ചേരാമായിരുന്ന സ്ഥലങ്ങൾ മരണക്കെണികളായി മാറുകയാണ്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 200 മീറ്ററിൽ കുറയാത്ത അകലെ വെച്ചാണ് വെടിയേറ്റു മരിച്ചത്.
ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം, വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ 400 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇക്കൂട്ടത്തിൽ 220 പേർ വ്യോമാക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഫലസ്തീനികൾ വെടിനിർത്തൽ കരാർ ലംഘിച്ചതിനുള്ള തിരിച്ചടിയായാണ് ആക്രമണങ്ങളെന്ന് ഇസ്രായിൽ വാദിച്ചു.
ശേഷിക്കുന്നവരിൽ ഏകദേശം 150 പേർ യെല്ലോ ലൈനിനടുത്തെത്തിയ ഗാസക്കാരെ ലക്ഷ്യമിട്ടുള്ള വെടിവെപ്പ്, ഡ്രോൺ ആക്രമണങ്ങൾ, പീരങ്കി ഷെല്ലാക്രമണം എന്നിവയിലാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവർ പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകൾ മൂലമോ മുൻകാല പരിക്കുകൾ മൂലമോ കൊല്ലപ്പെട്ടു. യെല്ലോ ലൈനിന്റെ ഇരുവശത്തും വ്യോമാക്രമണങ്ങൾ, കെട്ടിടങ്ങൾ പൊളിക്കൽ, വെടിവെപ്പ് എന്നിവയിലൂടെ ഇസ്രായിൽ ദിവസേന വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുകയാണ്.
യെല്ലോ ലൈൻ ഇസ്രായിലിന്റെ പുതിയ അതിർത്തിയായി മാറിയെന്നും ഹമാസിനെ നിരായുധരാക്കാതെ അവിടെ നിന്ന് പിന്മാറില്ലെന്നും ഇസ്രായിലി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗാസ മുനമ്പിന്റെ ഏകദേശം പകുതിയും നിയന്ത്രിക്കാനും പുതിയ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കാനും സൈന്യം അനിശ്ചിതമായി അവിടെ തുടരാൻ തയാറെടുക്കുകയാണെന്ന് ഇസ്രായിൽ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഈജിപ്ത്, ഖത്തർ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും തമ്മിൽ ഗാസ മുനമ്പിലെ സ്ഥിതിഗതികൾ, വെടിനിർത്തൽ ലംഘനങ്ങൾ, വെടിനിർത്തലിന്റെ രണ്ടാം ഘട്ടം എന്നിവ ചർച്ച ചെയ്യാനായി ഇന്ന് ഫ്ളോറിഡയിലെ മിയാമിയിൽ കൂടിക്കാഴ്ച നടത്തും.
ഇസ്രായിലിന്റെ വെടിനിർത്തൽ ലംഘനങ്ങൾ തടയാൻ മിയാമി ചർച്ചയിൽ കരാറിലെത്തുമെന്ന് ഹമാസ് പ്രതീക്ഷിക്കുന്നു. തുടർച്ചയായ ആക്രമണവും വെടിനിർത്തൽ ലംഘനങ്ങളും അവസാനിപ്പിക്കാനും ശറമുശ്ശൈഖ് കരാർ നിബന്ധനകൾ പാലിക്കാനും ഇസ്രായിലിനെ നിർബന്ധിക്കുന്ന കരാറിൽ ഈ ചർച്ചകൾ കലാശിക്കുമെന്ന് ഫലസ്തീനികൾ പ്രതീക്ഷിക്കുന്നതായി ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസിം നഈം എ.എഫ്.പിയോട് പറഞ്ഞു.
വെടിനിർത്തൽ ലംഘനങ്ങൾ നിർത്താനും ടെന്റുകൾ, കാരവാനുകൾ പോലുള്ള ദുരിതാശ്വാസ സാമഗ്രികൾ പ്രവേശിക്കുന്നതിന് അനുവദിക്കാനും യഥാർഥ പുനർനിർമ്മാണം ആരംഭിക്കാനും മാനുഷിക സാഹചര്യം സംബന്ധിച്ച കരാറിലെ വ്യവസ്ഥകൾ പൂർണമായും പാലിക്കാനും ഇസ്രായിലിനു മേൽ സമ്മർദം ചെലുത്താൻ മധ്യസ്ഥർ അമേരിക്കയെ പ്രേരിപ്പിക്കുമെന്ന് ഹമാസും മറ്റ് ഫലസ്തീൻ വിഭാഗങ്ങളും പ്രതീക്ഷിക്കുന്നു.
ഇസ്രായിലിന്റെ വെടിനിർത്തൽ ലംഘനങ്ങൾ തടയാൻ അമേരിക്കയിൽ നിന്നും മധ്യസ്ഥരിൽ നിന്നും കൂടുതൽ ഫലപ്രദമായ നടപടി ആവശ്യമാണ്. ഇത് വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള പുരോഗതി സാധ്യമാക്കും. ആദ്യ ഘട്ടം നടപ്പാക്കുന്നതിൽ ഇസ്രായിലിന്റെ തുടർച്ചയായ പരാജയം രണ്ടാം ഘട്ടത്തിന്റെ പൂർത്തീകരണത്തിന് തടസ്സമാകുമെന്ന് ഫലസ്തീൻ വൃത്തങ്ങൾ വിശ്വസിക്കുന്നു.



