ഗാസ – ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ ഭക്ഷ്യസഹായത്തിനായി കാത്തിരുന്ന 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും പറഞ്ഞു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ഗാസയില്‍ ആക്രമണം ശക്തമാക്കുന്നതോടെ ഫലസ്തീനികളെ ഗാസ വിട്ടുപോകാന്‍ അനുവദിക്കുമെന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനകള്‍ക്കുമിടെയാണ് റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് പുതിയ കൂട്ടക്കുരുതി നടത്തിയത്.
റിലീഫ് വിതരണ സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേയും ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് റിലീഫ് വസ്തുക്കളുമായി വാഹനവ്യൂഹങ്ങള്‍ പ്രവേശിക്കുന്നത് കാത്തിരിക്കുന്നതിനിടെയുമാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്ന് മൃതദേഹങ്ങള്‍ സ്വീകരിച്ച നാസര്‍, അല്‍ഔദ ആശുപത്രികളിലെ ജീവനക്കാരും ദൃക്സാക്ഷികളും പറഞ്ഞു. ഗാസയില്‍ മറ്റിടങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ ഏതാനും പേരും കൊല്ലപ്പെട്ടു.
അതേസമയം, ഗാസ ആക്രമണ പദ്ധതിയുടെ വിശാലമായ രൂപരേഖക്ക് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ അംഗീകാരം നല്‍കിയതായി ഇസ്രായില്‍ സൈനിക വക്താവ് ക്യാപ്റ്റന്‍ എല്ല പറഞ്ഞു. ഇത് അടുത്ത ഘട്ടങ്ങളില്‍ ഗാസയില്‍ സൈനിക നടപടികളുടെ രൂപരേഖയാണ്. സൈനികരുടെ സന്നദ്ധത ഉയര്‍ത്തുകയും റിസര്‍വിസ്റ്റുകളെ വിളിക്കാന്‍ തയാറെടുക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കിയതായി സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു. ജനറല്‍ സ്റ്റാഫ് ഫോറം, ഷിന്‍ ബെറ്റ് (ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി) പ്രതിനിധികള്‍, സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരുമായി ഇസ്രായേല്‍ ചീഫ് ഓഫ് സ്റ്റാഫ് നടത്തിയ ചര്‍ച്ചയിലാണ് ഗാസ ആക്രമണ പദ്ധതിയുടെ വിശാലമായ രൂപരേഖക്ക് ചീഫ് ഓഫ് സ്റ്റാഫ് അംഗീകാരം നല്‍കിയത്.
ഗാസ മുനമ്പ് പൂര്‍ണമായി പിടിച്ചടക്കാന്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈ നീക്കത്തെ അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും വ്യാപകമായി അപലപിച്ചു.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൂടി മരണപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണപ്പെട്ടവരുടെ എണ്ണം 235 ആയി. ഇതില്‍ 106 പേര്‍ കുട്ടികളാണ്. ഉപരോധവും ഭക്ഷണത്തിന്റെയും വൈദ്യസഹായങ്ങളുടെയും ദൗര്‍ലഭ്യവും കാരണം ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന്റെയും ദുരിതാശ്വാസ സംഘടനകളുടെയും അടിയന്തര ഇടപെടല്‍ മന്ത്രാലയം ആവശ്യപ്പെട്ടു.