ഗാസ: ഗാസയിലെ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പുകളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 2,444 ആയി ഉയർന്നു. 17,831 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിലീഫ് വിതരണ കേന്ദ്രങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ 83 പേർ കൊല്ലപ്പെടുകയും 223 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ആകെ 64,605 പേർ കൊല്ലപ്പെട്ടതായും 1,63,319 പേർക്ക് പരിക്കേറ്റതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. താത്കാലിക വെടിനിർത്തൽ 2025 മാർച്ച് 18-ന് അവസാനിപ്പിച്ച ശേഷം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ 12,059 പേർ കൊല്ലപ്പെടുകയും 51,278 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.