തെല്‍അവീവ് – ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായിലിനെ നിശ്ചലമാക്കി പണിമുടക്കും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളും. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായിലില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്.
മുഴുവന്‍ ഇസ്രായിലി ബന്ദികളെയും മോചിപ്പിക്കുന്നതിലേക്ക് നയിക്കുന്ന സമഗ്ര കരാര്‍ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിനാളുകള്‍ രാജ്യത്തുടനീളം തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ വീടുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി. പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ്, സ്ട്രാറ്റജി കാര്യ മന്ത്രി റോണ്‍ ഡെര്‍മര്‍, വിദ്യാഭ്യാസ മന്ത്രി യോവ് കിഷ്, നെഗേവ്, ഗലീലി കാര്യ മന്ത്രി യിത്സാക് വാസ്സര്‍ലോഫ് എന്നിവരുള്‍പ്പെടെ മന്ത്രിമാരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


തെല്‍അവീവ് സര്‍വകലാശാലയില്‍ നിന്നുള്ള നൂറുകണക്കിന് പ്രകടനക്കാര്‍ തെല്‍അവീവിലെ പ്രധാന പാതയായ മൊര്‍ദെഖായ് നമിര്‍ ഇരു ദിശകളിലേക്കും ഉപരോധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ ജറൂസലം പ്രവേശന കവാടത്തില്‍ ഹൈവേ-1 അടച്ചതായി ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.
ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനായി ഇസ്രായില്‍ പുതിയ സൈനിക നടപടിക്ക് തയാറെടുക്കുന്നതിനിടെയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. തെല്‍അവീവിലെ ഹോസ്റ്റേജ് സ്‌ക്വയറില്‍ വലിയ ഇസ്രായേലി പതാകയും ഇസ്രായിലി ബന്ദികളുടെ ഫോട്ടോകളും ഉയര്‍ത്തി. തെല്‍അവീവിനെ ജറൂസലമുമായി ബന്ധിപ്പിക്കുന്ന ഹൈവേ ഉള്‍പ്പെടെ നഗരത്തിലെ പ്രധാന റോഡുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് നിരവധി പേരെ ഇസ്രായില്‍ പോലീസ് അറസ്റ്റ് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്കും ക്രമസമാധാനം അപകടപ്പെടുത്തുന്നവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.


ബന്ദികളെ തുരങ്കങ്ങളില്‍ ഒളിപ്പിക്കുന്ന ഹമാസിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ഇസ്രായിലിനെ ശത്രുക്കള്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയും അതിന്റെ സുരക്ഷയെയും ഭാവിയെയും അപകടപ്പെടുത്തുകയും ചെയ്യുന്ന വികലവും ദോഷകരവുമായ ഒരു സമരത്തിലേക്കാണ് ഇസ്രായില്‍ ജനത ഇന്ന് രാവിലെ ഉറക്കമുണരുന്നത് – പ്രകടനങ്ങളെ വിമര്‍ശിച്ച് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് പറഞ്ഞു. പണിമുടക്ക് ഒരു പരാജയമാണെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പറഞ്ഞു. പണിമുടക്ക് ഹമാസിനെ ശക്തിപ്പെടുത്തുകയും ബന്ദികളുടെ തിരിച്ചുവരവിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നതായി ടെലിഗ്രാമിലെ പോസ്റ്റില്‍ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ വാദിച്ചു.
മന്ത്രിമാരുടെ ആരോപണങ്ങള്‍ ഇസ്രായില്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് തള്ളിക്കളഞ്ഞു. നിങ്ങളെക്കാള്‍ ഹമാസിനെ ശക്തിപ്പെടുത്തിയ മറ്റാരുമില്ലെന്നും ഹമാസിനെ ദുര്‍ബലപ്പെടുത്തുന്ന ഒരേയൊരു കാര്യം അഴിമതി നിറഞ്ഞതും പരാജയപ്പെട്ടതുമായ ഈ സര്‍ക്കാരിന്റെ പതനമാണെന്നും യെയര്‍ ലാപിഡ് പറഞ്ഞു.


പ്രതിഷേധത്തിനിടെ 32 പേരെ അറസ്റ്റ് ചെയ്തതായി ഇസ്രായേലി പോലീസ് സ്ഥിരീകരിച്ചു. സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ വിസമ്മതിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന അടയാളങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതായും ഇസ്രായിലിനെയും സൈന്യത്തെയും ആക്രമിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും ഇസ്രായേലി ചാനല്‍ 14 റിപ്പോര്‍ട്ട് ചെയ്തു.
നാളെ ഗാസ അതിര്‍ത്തിയില്‍ ഒരു പ്രതിഷേധ തമ്പ് സ്ഥാപിക്കുമെന്ന് ഇസ്രായിലി ബന്ദികളുടെ കുടുംബ സമിതി അറിയിച്ചു. കുടുംബങ്ങള്‍ അവിടെ ഉറങ്ങും, അവര്‍ അവിടെ സമരം ചെയ്യും, അവിടെ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരാനുള്ള പോരാട്ടം തുടരും – സമിതി പറഞ്ഞു. ഇന്നത്തെ പണിമുടക്കും പ്രകടനങ്ങളും തുടക്കം മാത്രമാണെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും ബന്ദിയായ ഒമ്രി മിറാന്റെ ഭാര്യ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെയും സൈനികരെയും തിരികെ കൊണ്ടുവരാനായി രാജ്യത്ത് ജനജീവിതം ഇന്ന് സ്തംഭിച്ചതായി ഇസ്രായേലി ബന്ദിയായ മതാന്‍ ഇന്‍ഗ്രിസിന്റെ അമ്മ പറഞ്ഞു.


ഗാസ യുദ്ധം കൂടുതല്‍ വിപുലീകരിക്കാനുള്ള ഇസ്രായില്‍ തീരുമാനത്തിന് അന്താരാഷ്ട്ര വിമര്‍ശനവും ആഭ്യന്തര എതിര്‍പ്പും നേരിടേണ്ടി വരികയാണ്. 22 മാസമായി നീണ്ടുനില്‍ക്കുന്ന യുദ്ധത്തില്‍ വര്‍ധിച്ചുവരുന്ന നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളും ട്രേഡ് യൂണിയനുകളും ഇന്ന് ഇസ്രായിലില്‍ ദൈനംദിന ജീവിതം സ്തംഭിപ്പിക്കുന്ന പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്തു. ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ വളരെ പരിമിതമായി മാത്രം അനുവദിക്കുന്നതിനാല്‍ ഗാസ മുനമ്പില്‍ വരാനിരിക്കുന്ന പട്ടിണിയെ കുറിച്ച് യു.എന്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ന് ഗാസയുടെ വടക്കും തെക്കും ഭാഗത്തുള്ള രണ്ട് റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു.