ഗാസ – ഗാസ മുനമ്പിന്റെ 90 ശതമാനം ഭാഗവും പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി ഗാസ ഗവണ്‍മെന്റ് മീഡിയ ഓഫീസ്. അധിനിവേശത്തിലൂടെയും കുടിയിറക്കത്തിലൂടെയും ഗാസ മുനമ്പിന്റെ 80 ശതമാനം പ്രദേശവും ഇസ്രായിലിന്റെ നിയന്ത്രണത്തിലായി. 2023 ഒക്‌ടോബര്‍ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായില്‍ ഗാസയില്‍ രണ്ടു ലക്ഷം ടണ്ണിലധികം സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചിട്ടുണ്ട്.
ഗാസ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ എണ്ണം 67,139 ആയും പരിക്കേറ്റവരുടെ എണ്ണം 1,69,583 ആയും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസ മുനമ്പിലെ ആശുപത്രികളില്‍ 65 രക്തസാക്ഷികളെയും പരിക്കേറ്റ 153 പേരെയും സ്വീകരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ എത്തിയവരെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ രണ്ട് പേര്‍ രക്തസാക്ഷികളാവുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 2,605 ആയി ഉയര്‍ന്നു. 19,124 പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രായില്‍ യുദ്ധം പുനരാരംഭിച്ച മാര്‍ച്ച് 18 മുതല്‍ രക്തസാക്ഷികളായവരുടെ എണ്ണം 13,549 ആയും പരിക്കേറ്റവരുടെ എണ്ണം 57,542 ആയും ഉയര്‍ന്നു. ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ നിരവധി ഇരകള്‍ അവശിഷ്ടങ്ങള്‍ക്കിടയിലും തെരുവുകളിലും തുടരുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.