ഗാസ – ഗാസയിൽ ഇസ്രായിൽ നടത്തിയ വെടിവെപ്പിലും ഡ്രോൺ ആക്രമണങ്ങളിലും മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റി, ഖാൻ യൂനിസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണമുണ്ടായത്. അതേസമയം, യുദ്ധക്കെടുതികൾക്ക് പുറമെ അതിശൈത്യം മൂലമുള്ള ദുരിതങ്ങളും ഗാസയിൽ വർധിക്കുകയാണ്. ദെയ്ർ അൽബലഹിൽ ഏഴ് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് തണുപ്പ് താങ്ങാനാവാതെ മരിച്ചു. ഇതോടെ ഗാസയിൽ ശൈത്യം കാരണം മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു.
മതിയായ പാർപ്പിടമോ ഹീറ്ററുകളോ മരുന്നുകളോ ഇല്ലാത്തതിനാൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിദിനം 600 ട്രക്ക് സഹായം ആവശ്യമാണെങ്കിലും നിലവിൽ ലഭിക്കുന്ന സഹായങ്ങൾ ഒന്നിനും തികയാത്ത അവസ്ഥയാണെന്ന് സന്നദ്ധ സംഘടനകൾ വ്യക്തമാക്കുന്നു. ചികിത്സ കിട്ടാതെ പലരും മരണപ്പെടുന്ന സാഹചര്യമാണെന്നും ജർമ്മൻ റെഡ് ക്രോസ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.



