ന്യൂയോര്‍ക്ക് – ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രായില്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗാസ പ്രശ്‌നം വിശകലനം ചെയ്യാന്‍ നാളെ (ഞായറാഴ്ച) യു.എന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാ സമിതിയിലെ ഏതാനും അംഗരാജ്യങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നത്. ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്‍ നയതന്ത്ര മിഷന്‍ ഇതിനെ സ്വാഗതം ചെയ്തു. ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ നേരിടുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ വര്‍ധിപ്പിക്കുന്ന നിലക്ക് സംഘര്‍ഷം അപകടകരമായി രൂക്ഷമാക്കുന്നതിനെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി.
ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇസ്രായില്‍ സൈന്യത്തോട് ഉത്തരവിടാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം ലോകമെമ്പാടും പ്രതിഷേധം ആളിക്കത്തിച്ചു. ഈ നീക്കം കൂടുതല്‍ നിര്‍ബന്ധിത കുടിയിറക്കത്തിനും കൂട്ടക്കുരുതിക്കും വന്‍തോതിലുള്ള നാശത്തിനും കാരണമാകുമെന്നും ഗാസയിലെ ഫലസ്തീനികളുടെ സങ്കല്‍പ്പിക്കാനാവാത്ത കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കുമെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.