റബാത്ത് – ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായിലുമായുള്ള മൊറോക്കൊയുടെ നയതന്ത്ര കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനമായ റബാത്തില്‍ പതിനായിരക്കണക്കിന് മൊറോക്കക്കാര്‍ പ്രകടനം നടത്തി. യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലേക്ക് നിയന്ത്രങ്ങളില്ലാതെ സഹായങ്ങള്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍ പതാകകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധക്കാര്‍ നഗരമധ്യത്തില്‍ തടിച്ചുകൂടി.
ഇത് അപമാനകരമാണ്, ഉപരോധം പിന്‍വലിക്കുക, മൊറോക്കോ-ഫലസ്തീന്‍-ഒരു ജനത, ഇസ്രായിലുമായി സാധാരണവല്‍ക്കരണം വേണ്ട എന്നിങ്ങനെ പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു. ഇസ്‌ലാമിക പ്രസ്ഥാനമായ അല്‍അദ്ല്‍ വല്‍ഇഹ്സാനും ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടെ വിവിധ സംഘടനകളുടെ ആഹ്വാന പ്രകാരമാണ് പ്രകടനക്കാര്‍ ഒത്തുകൂടിയത്.
ലോകത്തിന്റെ കണ്‍മുന്നില്‍ ഫലസ്തീനികള്‍ പട്ടിണി കിടക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായും ഈ നാടകീയവും അസഹനീയവുമായ സാഹചര്യത്തെ അപലപിക്കേണ്ടത് നമ്മുടെ കടമയാണെന്നും റബാത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ജമാല്‍ ബെഹര്‍ പറഞ്ഞു.
2020 ല്‍ മൊറോക്കോയും ഇസ്രായിലും അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സാധാരണവല്‍ക്കരണ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഗാസ യുദ്ധം 22 -ാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കൊയില്‍ ഇസ്രായിലുമായുണ്ടാക്കിയ കരാര്‍ കൂടുതല്‍ വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലിനെതിരെ നടത്തിയ മാരകമായ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച ഗാസയുദ്ധം, തീരദേശ പ്രദേശത്ത് താമസിക്കുന്ന ഇരുപതു ലക്ഷത്തിലേറെ ആളുകള്‍ക്ക് ഭയാനകമായ മാനുഷിക സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. 21 മാസത്തെ യുദ്ധം ഗുരുതരമായ പോഷകാഹാരക്കുറവ് അടക്കം ശാരീരികവും മാനസികവുമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഗാസ നിവാസികളിലുണ്ടാക്കി.