ഗാസ – ഗാസ മുനമ്പ് ഒഴിപ്പിച്ച് സാമ്പത്തിക, വിനോദസഞ്ചാര മേഖലയാക്കി മാറ്റാനുമുള്ള യു.എസ് പദ്ധതി തള്ളിക്കളയുന്നതായി ഹമാസ്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ പ്രചരിച്ച അമേരിക്കൻ പദ്ധതിക്ക് മറുപടിയായി ഗാസ വിൽപ്പനക്കുള്ളതല്ലെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസിം നഈം എഎഫ്പിയോട് പറഞ്ഞു. ഗാസ ഭൂപടത്തിലെ വെറും നഗരം മാത്രമല്ല, അത് ഫലസ്തീനിന്റെ ഭാഗമാണന്നും അദ്ദേഹം പറഞ്ഞു. ഗാസയെ വിനോദസഞ്ചാര, നൂതന സാങ്കേതികവിദ്യാ കേന്ദ്രമാക്കി മാറ്റാൻ ഫലസ്തീനികളെ അമേരിക്കയുടെ മേൽനോട്ടത്തിൽ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന പദ്ധതി ഹമാസും ഫലസ്തീൻ ജനതയും തള്ളിക്കളയുന്നതായി ബാസിം നഈം വ്യക്തമാക്കി.
ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ മുമ്പത്തെ പ്രതിജ്ഞയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ 38 പേജുള്ള കരട് പദ്ധതി, പുനർനിർമാണ കാലയളവിൽ, ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന മുഴുവൻ നിവാസികളെയും മറ്റൊരു രാജ്യത്തേക്കോ അല്ലെങ്കിൽ ഗാസക്കുള്ളിലെ നിയന്ത്രിതവും സുരക്ഷിതവുമായ പ്രദേശങ്ങളിലേക്കോ താൽക്കാലികമായി മാറ്റാൻ വ്യവസ്ഥ ചെയ്യുന്നതായി കഴിഞ്ഞ ദിവസം വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ആളുകളെ മാറ്റിപ്പാർപ്പിക്കുകയും അധിനിവേശക്കാരെ തങ്ങളുടെ ഭൂമിയിൽ നിലനിർത്തുകയും ചെയ്യുന്ന പദ്ധതി തള്ളിക്കളയുന്നതായി മറ്റൊരു ഹമാസ് ഉദ്യോഗസ്ഥൻ എ.എഫ്.പിയോട് പറഞ്ഞു. മാധ്യമങ്ങളിൽ നിന്നാണ് ഇതിനെ കുറിച്ച് കേൾക്കുന്നതെന്നും തങ്ങളോട് ചർച്ച ചെയ്തിട്ടില്ലെന്നും ഹമാസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം ഈ പദ്ധതി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഗാസയെ മിഡിൽ ഈസ്റ്റിന്റെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വികസിപ്പിച്ചതെന്നും പുനർനിർമാണ കാലയളവിൽ, ഗാസ പുനർനിർമാണ സാമ്പത്തിക പരിവർത്തന ട്രസ്റ്റിന്റെ പേരിലുള്ള ഫണ്ടിലാണ് ഗാസ മുനമ്പിന്റെ നടത്തിപ്പ് നിർവഹിക്കുക. ഈ റിപ്പോർട്ടിനെ കുറിച്ച് അമേരിക്കൻ വിദേശ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.