ഗാസ – കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗാസയില്‍ രണ്ടു കുട്ടികള്‍ അടക്കം ഏഴ് പേര്‍ കൂടി മരണപ്പെട്ടതായി ഗാസ മുനമ്പിലെ ആശുപത്രികള്‍ ഇന്ന് അറിയിച്ചു. ഇതോടെ ഗാസയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 420 ആയി. ഇതില്‍ 145 പേര്‍ കുട്ടികളാണ്.
യു.എന്‍ പിന്തുണയുള്ള അന്താരാഷ്ട്ര ഏജന്‍സിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ ഗാസയില്‍ പട്ടിണി പ്രഖ്യാപിച്ച ശേഷം 30 കുട്ടികള്‍ ഉള്‍പ്പെടെ 142 പേര്‍ പട്ടിണി മൂലം മരണപ്പെട്ടിട്ടുണ്ട്. പോഷകാഹാരക്കുറവും പട്ടിണിയും മൂലമുള്ള നിരവധി കേസുകള്‍ ഗാസയിലെ ആശുപത്രികളില്‍ ദിവസവും എത്തുന്നുണ്ട്. ഗാസയില്‍ ഏകദേശം ഒമ്പതു ലക്ഷം കുട്ടികള്‍ പട്ടിണി നേരിടുന്നു. ഇതില്‍ 70,000 പേര്‍ ഇതിനകം പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ചു.
ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി ഗാസയില്‍ വഷളാകുന്ന മാനുഷിക സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പിലെ ഇസ്രായിലി ഉപരോധം കാരണം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവ് നിരക്ക് ഇരട്ടിയായതായി ഏജന്‍സി വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പിലെ ഇസ്രായേലി ആക്രമണത്തില്‍ രക്തസാക്ഷികളായവരുടെ എണ്ണം 64,803 ആയി ഉയര്‍ന്നു. 164,264 പേര്‍ക്ക് പരിക്കേറ്റതായും ഗാസ മുനമ്പിലെ മെഡിക്കല്‍ വൃത്തങ്ങള്‍ ഇന്ന് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47 രക്തസാക്ഷികളുടെ മയ്യിത്തുകളും പരിക്കേറ്റ 205 പേരും ഗാസ മുനമ്പിലെ ആശുപത്രികളില്‍ എത്തിയതായി വഫാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെ മൃതദേഹങ്ങളും ആശുപത്രികളില്‍ എത്തി. ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലെ വെടിവെപ്പുകളില്‍ 26 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,484 ആയി. 18,117 പേര്‍ക്ക് പരിക്കേറ്റു.