- യുദ്ധം പുനരാരംഭിക്കാന്‍ തയാറാണെന്ന് നെതന്യാഹു
ഗാസ – കഴിഞ്ഞ ശനിയാഴ്ച വിട്ടയക്കേണ്ടിയിരുന്ന 600 ലേറെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാതെ ഇസ്രായിലുമായി തുടര്‍ ചര്‍ച്ചകള്‍ക്ക് ഹമാസ് സന്നദ്ധമല്ലെന്ന് ഹമാസ് നേതാവ്ബാസിം നഈം പറഞ്ഞു. ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാറിലെ തുടര്‍ നടപടികളെ കുറിച്ച് മധ്യസ്ഥര്‍ വഴി ഇസ്രായിലുമായി ചര്‍ച്ച നടത്തില്ല. ശനിയാഴ്ച ഹമാസ് വിട്ടയച്ച് കൈമാറിയ ആറു ഇസ്രായിലി ബന്ദികള്‍ക്കു പകരമായി വിട്ടയക്കാന്‍ സമ്മതിച്ച ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതു വരെ മധ്യസ്ഥര്‍ വഴി ഇസ്രായിലുമായി ഒരു ചര്‍ച്ചകളും ഉണ്ടാകില്ലെന്ന് ബാസിം നഈം പറഞ്ഞു. ശനിയാഴ്ച വിട്ടയക്കാന്‍ പദ്ധതിയിട്ടിരുന്ന നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് ഹമാസ് നിബന്ധനകള്‍ പാലിക്കുന്നതു വരെ നീട്ടിവെച്ചതായി ഇസ്രായില്‍ പറഞ്ഞു.
600 പലസ്തീന്‍ തടവുകാരുടെ മോചനം വൈകിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനത്തെ അമേരിക്ക പിന്തുണക്കുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലി ബന്ദികളോട് ഹമാസ് ക്രൂരമായാണ് പെരുമാറുന്നത്. തടവുകാരുടെ മോചനം മാറ്റിവെക്കുന്നത് ന്നഇസ്രായിലി ബന്ദികളോടുള്ള ഹമാസിന്റെ പെരുമാറ്റത്തോടുള്ള ഉചിതമായ പ്രതികരണമാണെന്ന് യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബ്രയാന്‍ ഹ്യൂസ് പ്രസ്താവനയില്‍ പറഞ്ഞു. ഹമാസിനെതിരെ ഇസ്രായില്‍ തെരഞ്ഞെടുക്കുന്ന ഏത് പാതയെയും പിന്തുണക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറാണെന്നും ബ്രയാന്‍ ഹ്യൂസ് പറഞ്ഞു.
ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് അഞ്ചാഴ്ച പഴക്കമുള്ള ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ അപകടത്തിലാക്കുന്നുവെന്ന് ഹമാസ് ആരോപിച്ചതിനെ തുടര്‍ന്ന് ഹമാസിനെതിരായ യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രായില്‍ തയാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയില്‍ 15 മാസത്തിലേറെ നീണ്ടുനിന്ന വിനാശകരമായ യുദ്ധം ഏറെക്കുറെ നിര്‍ത്തിവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം മാര്‍ച്ച് ആദ്യം അവസാനിക്കാനിരിക്കുകയാണ്. തുടര്‍ന്നുള്ള രണ്ടാം ഘട്ടത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ ഇസ്രായിലും ഹമാസും അംഗീകരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിനെ ചൊല്ലി വീണ്ടും സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ പോരാളികള്‍ക്കെതിരായ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് ഇസ്രായില്‍ അറിയിച്ചിട്ടുണ്ട്.
ചര്‍ച്ചകളിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുമെന്ന്, ഗാസയില്‍ നിന്ന് ആറു ഇസ്രായിലി ബന്ദികളെ വിട്ടയച്ചതിനു പകരമായി നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് ഇസ്രായില്‍ നിര്‍ത്തിവെച്ചതിന്റെ തൊട്ടടുത്ത ദിവസം സൈനിക ചടങ്ങില്‍ സംസാരിച്ച നെതന്യാഹു പറഞ്ഞു. ഏത് നിമിഷവും ശക്തമായ പോരാട്ടം പുനരാരംഭിക്കാന്‍ ഞങ്ങള്‍ തയാറാണ് – ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഹമാസിന്റെ സംഘടിത ശക്തിയില്‍ ഭൂരിഭാഗവും ഞങ്ങള്‍ ഇല്ലാതാക്കി. ചര്‍ച്ചകളിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ ഞങ്ങള്‍ യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല – നെതന്യാഹു പറഞ്ഞു. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം മാന്യവും സ്വകാര്യവുമായ രീതിയില്‍ നടത്തണമെന്ന് റെഡ് ക്രോസ് കമ്മിറ്റി നേരത്തെ എല്ലാ കക്ഷികളോടും അഭ്യര്‍ഥിച്ചിരുന്നു.
ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം 25 ജീവിച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ചടങ്ങുകളിലാണ് ബന്ദികളെ ഹമാസ് റെഡ് ക്രോസ് പ്രതിനിധികള്‍ക്ക് കൈമാറിയത്. അപമാനകരമായ ചടങ്ങുകളാണിവയെന്ന് കുറ്റപ്പെടുത്തിയാണ് ശനിയാഴ്ച ആറു ഇസ്രായിലി ബന്ദികളെ വിട്ടയച്ച ശേഷം 600 ലേറെ ഫലസ്തീന്‍ തടവുകാരെ വിട്ടയക്കാനുള്ള പദ്ധതി ഇസ്രായില്‍ മാറ്റിവെച്ചത്.