ന്യൂയോര്‍ക്ക് – ഗാസയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്ന പട്ടിണി സാഹചര്യം അവസാനിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 2025 ഒക്ടോബർ മാസത്തിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഭക്ഷണലഭ്യതയിൽ പുരോഗതി ഉണ്ടായതായി ഈ രംഗത്തെ വിദഗ്ധ സമിതിയായ ഐ.പി.സി വ്യക്തമാക്കുന്നു. എന്നാൽ പട്ടിണി എന്ന അതീവ ഗുരുതര ഘട്ടം പിന്നിട്ടെങ്കിലും ഗാസയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുകയാണ്. ഏകദേശം പതിനാറ് ലക്ഷത്തോളം ആളുകൾ പോഷകാഹാരക്കുറവും ഭക്ഷണത്തിന്റെ അഭാവവും മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഗാസയെ അടിയന്തിരാവസ്ഥാ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2026 ഏപ്രിൽ മാസം പകുതി വരെ ഈ സങ്കീർണ്ണാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സഹായങ്ങൾ ഗാസയിലേക്ക് എത്തുന്നതിൽ പുരോഗതി ഉണ്ടായെങ്കിലും ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം പല സംഘടനകൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഓക്സ്ഫാം ഫ്രാൻസ് പോലുള്ള സംഘടനകൾ വിമർശിക്കുന്നുണ്ട്.



