ജിദ്ദ – ഗാസ പിടിച്ചടക്കാനുള്ള ഇസ്രായിലിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാന്‍ നയതന്ത്രശ്രമങ്ങള്‍ ഊര്‍ജിതമാക്കി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. വിവിധ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായും അന്താരാഷ്ട്ര ഉദ്യോഗസ്ഥരുമായും ഫോണില്‍ ബന്ധപ്പെട്ട സൗദി വിദേശ മന്ത്രി ഗാസ മുനമ്പിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ കൈവരിക്കാനുമുള്ള വഴികളെ കുറിച്ചും ചര്‍ച്ച ചെയ്തു.
ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി, തുര്‍ക്കി വിദേശ മന്ത്രി ഹാകാന്‍ ഫിദാന്‍, ജര്‍മന്‍ വിദേശ മന്ത്രി ജോഹാന്‍ വഡെഫുള്‍, യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ, സുരക്ഷാനയ ഉന്നത പ്രതിനിധി കാജ കല്ലാസ്, ഫ്രഞ്ച് വിദേശ മന്ത്രി ജീന്‍-നോയല്‍ ബറോട്ട് എന്നിവരുമായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ചര്‍ച്ചകള്‍ നടത്തി.
ഇസ്രായിലി ആക്രമണങ്ങളും നിയമലംഘനങ്ങളും തടയേണ്ടതിന്റെയും ഗാസയിലെ ജനങ്ങള്‍ നേരിടുന്ന മാനുഷിക ദുരന്തം അവസാനിപ്പിക്കേണ്ടതിന്റെയും മാനുഷിക സഹായം തടസ്സമില്ലാതെ വിതരണം ചെയ്യേണ്ടതിന്റെയും പ്രാധാന്യവും ചർച്ച ചെയ്തു. യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെയും പട്ടിണി കുറ്റകൃത്യങ്ങള്‍ തടയേണ്ടതിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നതും സംഘര്‍ഷം നീട്ടുന്നതുമായ നടപടികള്‍ തടയേണ്ടതിന്റെയും ആവശ്യകതയും ചര്‍ച്ചകളില്‍ ഊന്നിപ്പറഞ്ഞു.
ഗാസ പിടിച്ചടക്കാനുള്ള ഇസ്രായിലിന്റെ തീരുമാനത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഫലസ്തീന്‍ ജനതക്കെതിരായ പട്ടിണി, ക്രൂരതകള്‍, വംശീയ ഉന്മൂലനം എന്നിവ തുടരുന്നതിനെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായില്‍ അധികൃതര്‍ സ്വീകരിച്ച മനുഷ്യത്വരഹിതമായ ആശയങ്ങളും തീരുമാനങ്ങളും, ഈ ഭൂമിയുമായുള്ള ഫലസ്തീന്‍ ജനതയുടെ വൈകാരികവും, ചരിത്രപരവും, നിയമപരവുമായ ബന്ധവും അന്താരാഷ്ട്ര നിയമത്തിന്റെയും മാനുഷിക തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ ഫലസ്തീന്‍ ജനതക്ക് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്നുള്ള കാര്യവും അവര്‍ക്ക് മനസ്സിലാകുന്നില്ലെന്ന് വീണ്ടും വ്യക്തമാക്കുന്നു.
ഇസ്രായിലി ആക്രമണങ്ങളും നിയമ ലംഘനങ്ങളും ഉടനടി തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും യു.എന്‍ രക്ഷാ സമിതിയുടെയും തുടര്‍ച്ചയായ പരാജയം അന്താരാഷ്ട്ര ക്രമത്തിന്റെയും അന്താരാഷ്ട്ര നിയമസാധുതയുടെയും അടിത്തറയെ ദുര്‍ബലപ്പെടുത്തുന്നു. ഇത് പ്രാദേശിക, ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. ഇസ്രായിലിന്റെ പുതിയ തീരുമാനം വംശഹത്യയും നിര്‍ബന്ധിത കുടിയിറക്കവും പ്രോത്സാഹിപ്പിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി.