ഗാസ- അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച ഗാസ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ഒരു വർഷം പൂർത്തിയായിട്ടും ആക്രമണങ്ങൾക്ക് കുറവില്ലെന്നും വെടിനിർത്തൽ കടലാസിൽ മാത്രമായി ഒതുങ്ങിയെന്നും നൂറിലധികം അന്താരാഷ്ട്ര മനുഷ്യാവകാശ, സിവിൽ സൊസൈറ്റി സംഘടനകൾ അഭിപ്രായപ്പെട്ടു. ആംനസ്റ്റി ഇന്റർനാഷണൽ, നോർവീജിയൻ റെഫ്യൂജി കൗൺസിൽ സേവ് ദി ചിൽഡ്രൻ, ഓക്സ്ഫാം, ഗ്രീൻപീസ് തുടങ്ങിയ പ്രമുഖ സംഘടനകൾ ചേർന്നാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷമുള്ള ഒരു വർഷത്തിനിടെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 327 കുട്ടികളടക്കം 1,400ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും അയ്യായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വെടിനിർത്തൽ ഒപ്പുവെച്ച് ഒരു വർഷം പിന്നിട്ടിട്ടും ഗാസയിലെ ഫലസ്തീനികളുടെ അവസ്ഥയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നോർവീജിയൻ റെഫ്യൂജി കൗൺസിൽ സെക്രട്ടറി ജനറൽ ജാൻ എഗെലാൻഡ് പറഞ്ഞു. അടിയന്തര പുനർനിർമ്മാണ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഗാസയിലേക്ക് എത്തുന്നതിൽ ഇസ്രായേൽ ഏർപ്പെടുത്തിയ ശക്തമായ വിലക്കുകൾ കാരണം കുടുംബങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുന്നില്ല. ഗാസയിലെ 80 ശതമാനത്തോളം കെട്ടിടങ്ങളും തകർക്കപ്പെട്ട നിലയിലാണ്. 20 ലക്ഷത്തോളം ആളുകൾക്ക് അടിയന്തര പാർപ്പിട സൗകര്യം ആവശ്യമായിരിക്കെ, 14 ലക്ഷത്തോളം ആളുകൾ ഈ വർഷാവസാനത്തോടെ അതിരൂക്ഷമായ ഭക്ഷ്യക്ഷാമവും നേരിടേണ്ടി വരും. ഇതിനുപുറമെ, കരാറിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന ‘യെല്ലോ ലൈൻ’ (ബഫർ സോൺ) ഇസ്രായേൽ സേന ഏകപക്ഷീയമായി മാറ്റിയതോടെ ഫലസ്തീനികൾ കൂടുതൽ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലേക്ക് ഒതുക്കപ്പെട്ടു.
ഗാസയിലെ ആരോഗ്യ മേഖലയും പൂർണ്ണമായും തകർന്ന നിലയിലാണ്. ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഗാസയിലെ 36 ആശുപത്രികളിൽ ഒന്നുപോലും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നില്ല. മരുന്നുകൾ, ഉപകരണങ്ങൾ, ഇന്ധനം എന്നിവയുടെ കടുത്ത ക്ഷാമമാണ് ഇതിന് കാരണം. നാലായിരത്തോളം കുട്ടികൾ ഉൾപ്പെടെ 18,500ലധികം രോഗികൾക്ക് അടിയന്തരമായി വിദേശത്തോ മറ്റ് കേന്ദ്രങ്ങളിലോ വിദഗ്ധ ചികിത്സ ആവശ്യമാണ്. ഇതിനായുള്ള അനുമതി കാത്തിരിക്കുന്നതിനിടെ ആയിരത്തിലധികം പേർ മരണപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പരിക്കേറ്റവരിൽ 24 ശതമാനം പേർക്ക് (നാലിലൊന്ന് കുട്ടികൾ) ജീവിതാവസാനം വരെ നീണ്ടുനിൽക്കുന്ന ഗുരുതരമായ പരിക്കുകളാണുള്ളത്.
വ്യാഴം, വെള്ളി ദിവസങ്ങളിലും അൽമുസദ്ദർ, മഗാസി, ബുറൈജ് അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ സേന ശക്തമായ വെടിവെപ്പും പീരങ്കി- വ്യോമാക്രമണങ്ങളും തുടർന്നു. ഈ ആക്രമണങ്ങളിൽ ഒമ്പതോളം പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 74,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,75,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 21,000ത്തിലധികം കുട്ടികൾ ഉൾപ്പെടുന്നു. ഇത് ഗാസയിലെ ആകെ ജനസംഖ്യയുടെ 3 ശതമാനത്തോളമാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ആളുകളെ കണക്കാക്കാത്തതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും ഉയർന്നതായിരിക്കും. അന്താരാഷ്ട്ര നീതിപീഠത്തിന്റെ ഉത്തരവുകൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്‌നസ് കലമാർഡ് കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group


