തെല്‍അവീവ്– ഗാസയില്‍ ഇസ്രായേല്‍ നടത്തിയ അക്രമങ്ങള്‍ വെറും തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മുഴുവന്‍ ബന്ദികളേയും വിട്ടുകിട്ടുന്നത് വരെ ഹമാസ് സമ്പൂര്‍ണ്ണമായി നശിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഞങ്ങളുടെ കരുത്തെന്താണെന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ഹമാസ് മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു.
നരകത്തിന്റെ വാതിലുകള്‍ ഹമാസിനു മുമ്പില്‍ തുറക്കുകയാണ്. കര, വ്യോമ, കടല്‍ മൂന്ന് മാര്‍ഗങ്ങളിലൂടെ ഹമാസിനെ ആക്രമിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ആഴ്ചകള്‍ മാത്രം നീണ്ടു നിന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ തുടങ്ങിയ വ്യോമ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ കരയുദ്ധം തുടങ്ങുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. ബയ്ത് ഹാനൂന്‍ അടക്കം കിഴക്കന്‍ ഗാസയിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന.
ചൊവ്വാഴ്ച പുലര്‍ച്ചെ ഗാസയിൽ നൂറിലേറെ യുദ്ധവിമാനങ്ങള്‍ നടത്തിയ സമാനതകളില്ലാത്ത കൂട്ടക്കുരുതിയില്‍ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.