പാരീസ്– ഗാസയിൽ അമേരിക്ക സ്ഥാപിച്ച ഏകോപന കേന്ദ്രത്തിൽ പങ്കാളിത്തം വഹിക്കാൻ ഫ്രാൻസ് സിവിലിയന്മാരും സൈനികരും അടങ്ങിയ സംഘത്തെ ഇസ്രായിലിലേക്ക് അയച്ചതായി ഫ്രഞ്ച് വിദേശ മന്ത്രി ജീൻ-നോയൽ ബാരോട്ട് അറിയിച്ചു.
മിഡിൽ ഈസ്റ്റിൽ സ്ഥിരതക്ക് ശ്രമിക്കുന്നതിൽ പങ്കാളിത്തം വഹിച്ചതിന്റെ നീണ്ട ചരിത്രം ഫ്രാൻസിനുണ്ടെന്ന് നേരത്തെ ഫ്രഞ്ച് ജനറൽ സ്റ്റാഫ് പ്രസ്താവിച്ചു. അമേരിക്ക സ്ഥാപിച്ച ഏകോപന കേന്ദ്രത്തിൽ മൂന്ന് ഫ്രഞ്ച് ലെയ്സൺ ഓഫീസർമാരെ വിന്യസിച്ചതായി ഫ്രഞ്ച് ജനറൽ സ്റ്റാഫ് സൂചിപ്പിച്ചു. എന്നാൽ ഇതിൽ കൂടുതൽ ഫ്രഞ്ച് ഉദ്യോഗസ്ഥരെ കേന്ദ്രത്തിൽ നിയോഗിച്ചതായി വിദേശ മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങൾ, തുർക്കി, ഇന്തോനേഷ്യ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ അമേരിക്ക ഗാസയിൽ ബഹുരാഷ്ട്ര സേനയെ വിന്യസിക്കാൻ തയാറെടുക്കുകയാണ്. ഗാസ സുരക്ഷിതമാക്കാൻ ആവശ്യമായ മാൻഡേറ്റ് ഈ അന്താരാഷ്ട്ര സേനക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫ്രാൻസ് നിലവിൽ ന്യൂയോർക്കിൽ, ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഫ്രഞ്ച് വിദേശ മന്ത്രി പറഞ്ഞു.
ഒക്ടോബർ 10 ന് ഗാസയിൽ പ്രാബല്യത്തിൽ വന്ന യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ഇപ്പോഴും ദുർബലമാണ്. ചൊവ്വാഴ്ച രാത്രി ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ഗാസ മുനമ്പിലെ ആയുധ ഡിപ്പോയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായിൽ സൈന്യം അറിയിച്ചു.



