റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ റാമല്ലക്ക് വടക്കുകിഴക്ക് അല്‍മുഗയ്യിര്‍ ഗ്രാമത്തില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ നാല് ഫലസ്തീന്‍ യുവാക്കള്‍ക്ക് പരിക്കേറ്റതായി പ്രാദേശിക പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. കുടിയേറ്റക്കാരുടെ സംഘങ്ങള്‍ ഗ്രാമത്തില്‍ അതിക്രമിച്ചുകയറി ഗ്രാമവാസികളുടെ വാഹനങ്ങള്‍ ആക്രമിക്കുകയായിരുന്നെന്ന് ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫാ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ആക്രമണത്തെ നേരിട്ട ഫലസ്തീനികള്‍ക്കു നേരെ കുടിയേറ്റക്കാരെ അനുഗമിച്ച ഇസ്രായിലി സൈന്യം വെടിവെപ്പ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമായിരുന്നു. രണ്ടു പേര്‍ക്ക് തുടയിലും മറ്റൊരാള്‍ക്ക് നെഞ്ചിലും നാലാമന് വയറിലും വെടിയേറ്റു. നാലുപേരെയും ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റബ്ബര്‍ ബുള്ളറ്റുകള്‍ മൂലം പരിക്കേറ്റവരും കണ്ണീര്‍ വാതകം ശ്വസിച്ച് അവശരായവരും അടക്കം ഡസന്‍ കണക്കിനാളുകള്‍ക്കും ചികിത്സ നല്‍കി.
ശഅബാന്‍ അബൂആലിയയുടെ വസതി ഉള്‍പ്പെടെ ഏതാനും വീടുകള്‍ ആക്രമിക്കാനും കുടിയേറ്റക്കാര്‍ ശ്രമിച്ചു. ഇതേസമയം മറ്റ് ഗ്രൂപ്പുകള്‍ ഗ്രാമത്തിന്റെ പടിഞ്ഞാറന്‍ അറ്റത്തുള്ള വീടുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചതായും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വഫാ റിപ്പോര്‍ട്ട് ചെയ്തു.
റാമല്ലയുടെ പടിഞ്ഞാറുള്ള കഫര്‍ നിമയില്‍ ഫലസ്തീന്‍ നിവാസികള്‍ ഉപയോഗിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ധനസഹായത്തോടെയുള്ള പബ്ലിക് പാര്‍ക്ക് കുടിയേറ്റക്കാര്‍ കൈയേറുകയും അതിന്റെ പ്രവേശന കവാടത്തില്‍ ഇരുമ്പ് ഗേറ്റ് സ്ഥാപിക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങള്‍ പറഞ്ഞു. ജൂലൈയില്‍ ഇസ്രായില്‍ സൈന്യവും കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കെതിരെയും അവരുടെ ഭൂമിക്കും സ്വത്തുവകകള്‍ക്കും നേരെയും 2,256 ആക്രമണങ്ങള്‍ നടത്തിയതായി ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലെ കോളനിവല്‍ക്കരണ, വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ പറഞ്ഞു. 1,458 ആക്രമണങ്ങള്‍ ഇസ്രായില്‍ സൈന്യവും 798 ആക്രമണങ്ങള്‍ കുടിയേറ്റക്കാരുമാണ് നടത്തിയത്.
ഗുരുതരമായ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് റാമല്ലയിലും അല്‍ബിരേ ഗവര്‍ണറേറ്റിലുമാണ്. ഇവിടങ്ങളില്‍ 260 ആക്രമണങ്ങളുണ്ടായി. നബ്ലസില്‍ 247 ഉം ജെനിനില്‍ 190 ഉം ബെത്ലഹേമില്‍ 185 ഉം ഹെബ്രോണില്‍ 170 ഉം ആക്രമണങ്ങളുമുണ്ടായി. ഇസ്രായിലി സൈനിക നടപടികളും കുടിയേറ്റക്കാരുടെ ആക്രമണങ്ങളും തമ്മിലുള്ള ഏകോപനമാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു. ഫലസ്തീനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന ജൂതകുടിയേറ്റക്കാര്‍ക്ക് സൈന്യം സംരക്ഷണവും പിന്തുണയും സഹായങ്ങളും നല്‍കുന്നതായും കമ്മീഷന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







