ഗാസ – ഗാസ നഗരത്തിലെ സെയ്തൂന്‍ ഡിസ്ട്രിക്ടില്‍ ഹമാസ് പോരാളികളുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ ഇസ്രായില്‍ സൈന്യത്തിന് നാലു സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യം പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്. സൈനികരെ ഹമാസ് പോരാളികള്‍ ബന്ദികളായി പിടിച്ചിരിക്കാമെന്ന് ആശങ്കയുണ്ടെന്ന് ഹദാഷോട്ട് അഖ്ഷാഫ് വാര്‍ത്താ പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്തു.
ഗാസ നഗരത്തിലെ സെയ്തൂന്‍, സ്വബ്ര ഡിസ്ട്രിക്ടുകളിലും തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലും ഹമാസ് പോരാളികള്‍ ഒരേസമയം നടത്തിയ ആക്രമണങ്ങളുടെയും, കെണികള്‍ വെച്ചുള്ള പതിയിരുന്നാക്രമണങ്ങളുടെയും ഫലമായി രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായും ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധങ്ങളില്‍ സൈനികരെ ബന്ദികളായി പിടികൂടുന്നത് തടയാന്‍ ഉപയോഗിക്കുന്ന നടപടിക്രമമായ ഹാനിബല്‍ പ്രോട്ടോക്കോള്‍ പ്രക്രിയ സൈന്യം സജീവമാക്കിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബന്ദികളാക്കപ്പെടുമെന്ന് ഉറപ്പാകുന്ന സാഹചര്യങ്ങളില്‍ സൈനികരെ വെടിവെച്ചു കൊല്ലാന്‍ ഹാനിബല്‍ പ്രോട്ടോക്കോള്‍ ആവശ്യപ്പെടുന്നു.