തെല്‍അവീവ് – ദക്ഷിണ ഗാസയില്‍ ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കിയ റഫയിലെ അവശിഷ്ടങ്ങള്‍ക്കു മേല്‍ ഫലസ്തീനികള്‍ക്കു വേണ്ടി നിര്‍മിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ പറയുന്ന മാനുഷിക നഗര പദ്ധതി ഒരു തടങ്കല്‍പ്പാളയമായിരിക്കുമെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഫലസ്തീനികളെ അവിടെ താമസിക്കാന്‍ നിര്‍ബന്ധിക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഓള്‍മെര്‍ട്ട് ഗാര്‍ഡിയനോട് പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇസ്രായില്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ഭയം ഓള്‍മെര്‍ട്ടിന്റെ മുന്നറിയിപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്നു.
ദക്ഷിണ ഗാസയില്‍ മാനുഷിക നഗരം നിര്‍മിക്കാനുള്ള പദ്ധതി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് വെളിപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ ആറു ലക്ഷം ഫലസ്തീനികളെ ഇവിടെ തടങ്കലില്‍ വെക്കാന്‍ ഉദ്ദേശിക്കുന്നു. പിന്നീട് ഗാസയിലെ മുഴുവന്‍ ജനങ്ങളെയും ഇവിടെ ഒരുമിച്ചുകൂട്ടാനും പദ്ധതികളുണ്ട്. എന്നാല്‍, ഈ പദ്ധതിയെ ഒരു തടങ്കല്‍പ്പാളയം എന്ന് ഓള്‍മെര്‍ട്ട് വിശേഷിപ്പിച്ചു. മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാനല്ലാതെ ഫലസ്തീനികളെ ഇവിടെ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയുള്ള ഈ സമീപനം നടപ്പിലാക്കിയാല്‍ അത് വംശീയ ഉന്മൂലനം ആകും.
ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായില്‍ ഇതിനകം തന്നെ യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുണ്ട്. റഫയിലെ ക്യാമ്പിന്റെ നിര്‍മാണം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ തലത്തിലേക്ക് ഇസ്രായിലിന്റെ നിയമ ലംഘനങ്ങള്‍ ഉയര്‍ത്തും. ഗാസയെ ശുദ്ധീകരിക്കാനും ജൂതകുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന തീവ്രവാദ മന്ത്രിമാരുടെ അക്രമാസക്തമായ വാചാടോപത്തെ ഓള്‍മെര്‍ട്ട് വിമര്‍ശിച്ചു. ഫലസ്തീനികളെ സംരക്ഷിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ അവിശ്വസനീയമാണ്. ഈ മന്ത്രിമാരെ ഇസ്രായിലിന് ഉള്ളിലെ ശത്രു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അവരുടെ നയങ്ങള്‍ ഏതൊരു ബാഹ്യ ഭീഷണിയേക്കാളും ഇസ്രായിലിന്റെ ദീര്‍ഘകാല സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതായും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ അക്രമം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതിനെ ക്ഷമിക്കാനാവാത്ത യുദ്ധക്കുറ്റകൃത്യങ്ങള്‍ എന്ന് ഓള്‍മെര്‍ട്ട് വിശേഷിപ്പിച്ചു. ഹില്‍ടോപ്പ് യൂത്ത് പോലുള്ള ഗ്രൂപ്പുകളുടെ സംഘടിത ആക്രമണങ്ങള്‍ ഫലസ്തീന്‍ ഗ്രാമീണരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. ഇസ്രായില്‍ അധികൃതരുടെ മൗന പിന്തുണയോടെയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്. എന്ത് ചെയ്താലും ശിക്ഷാനടപടികളില്ലാത്ത ഒരു അന്തരീക്ഷം ഇസ്രായില്‍ വളര്‍ത്തിയെടുക്കുന്നുണ്ടെന്നും ഓള്‍മെര്‍ട്ട് പറഞ്ഞു. ഓള്‍മെര്‍ട്ടിന്റെ പ്രസ്താവന പുറത്തുവന്ന ദിവസം, ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട രണ്ട് ഫലസ്തീനികളുടെ സംസ്‌കാരം നടന്നു. ഇവരില്‍ ഒരാള്‍ അമേരിക്കക്കാരനാണ്.
മാനുഷിക നഗര പദ്ധതി വംശഹത്യക്ക് തുല്യമാകുമെന്ന് ഇസ്രായിലി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പദ്ധതി ഇസ്രായിലിനുള്ളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇസ്രായിലിനെതിരെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര രോഷം കേവലം യഹൂദവിരുദ്ധതയല്ല, മറിച്ച്, മാധ്യമങ്ങളില്‍ കാണുന്ന നിയമ ലംഘനങ്ങളോടുള്ള സ്വാഭാവിക പ്രതികരണമാണെന്ന് ഓള്‍മെര്‍ട്ട് പറഞ്ഞു. നയങ്ങള്‍ മാറ്റാന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശക്തമായ അന്താരാഷ്ട്ര ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീനികളുമായി ഗൗരവമായി ചര്‍ച്ച നടത്തിയ അവസാനത്തെ ഇസ്രായിലി പ്രധാനമന്ത്രിയായ ഓള്‍മെര്‍ട്ട്, ഗാസയിലെ നാശനഷ്ടങ്ങള്‍ക്കിടയിലും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതീക്ഷ നിലനിര്‍ത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇത് പ്രോത്സാഹിപ്പിക്കാനായി മുന്‍ ഫലസ്തീന്‍ വിദേശ മന്ത്രി നാസിര്‍ അല്‍ഖുദ്‌വയുമായി ചേര്‍ന്ന് ഓള്‍മെര്‍ട്ട് പ്രവര്‍ത്തിക്കുന്നു. ഫലസ്തീന്‍ പ്രശ്‌നത്തിന് ചരിത്രപരമായ ഒത്തുതീര്‍പ്പ് സാധ്യമാകുമെന്ന് ഓള്‍മെര്‍ട്ട് വിശ്വസിക്കുന്നു. പക്ഷേ, നെതന്യാഹുവിന് അത്തരമൊരു പരിഹാരം സ്വീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.