തെല്‍അവീവ് – ഫലസ്തീന്‍ തടവുകാരെ പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ന്ന കേസില്‍ മുന്‍ ചീഫ് മിലിട്ടറി പ്രോസിക്യൂട്ടര്‍ മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമന്‍ ബെന്‍-ഗ്വിര്‍ അറിയിച്ചു.
മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ കാണാതായി മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ് വിവരം പുറത്തുവന്നത്. തെല്‍അവീവ് ബീച്ചിന് സമീപം ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് യെരുഷാല്‍മിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. സ്‌ഡെ ടീമാന്‍ മിലിട്ടറി ജയിലില്‍ ഫലസ്തീന്‍ തടവുകാരനെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ചോര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്.
വീഡിയോ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജിവച്ച യെരുഷാല്‍മി, വീഡിയോ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്ന കുറ്റം നേരിടുന്നതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നിയമ നിര്‍വഹണ അധികകൃതര്‍ക്കെതിരായ തെറ്റായ പ്രചാരണത്തിന് മറുപടി നല്‍കാനായി വീഡിയോ വീണ്ടും അയച്ചതായി രാജിക്കത്തില്‍ അവര്‍ സമ്മതിച്ചു.
2024 ഓഗസ്റ്റില്‍ തെക്കന്‍ ഇസ്രായിലിലെ സ്‌ഡെ ടീമാന്‍ ജയിലിനുള്ളില്‍ സുരക്ഷാ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇസ്രായിലിലെ ചാനല്‍ 12 ദിവസങ്ങള്‍ക്ക് മുമ്പ് സംപ്രേഷണം ചെയ്തു. ഒരു കൂട്ടം ഇസ്രായില്‍ സൈനികര്‍ ഫലസ്തീന്‍ തടവുകാരനെ ക്രൂരമായി ആക്രമിക്കുന്നതും അവരുടെ പരിചകള്‍ ഉപയോഗിച്ച് കാഴ്ച തടസ്സപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായ ഒടിവുകളോടെയും ആന്തരിക പരിക്കുകളോടെയും തടവുകാരനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ ചോര്‍ച്ചയുടെ ഉറവിടത്തെ കുറിച്ച് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി ഇസ്രായില്‍ സൈന്യം കഴിഞ്ഞ ബുധനാഴ്ച അറിയിച്ചു. ഇത് സൈനിക പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച സംശയങ്ങള്‍ സ്ഥിരീകരിച്ചു. ഫലസ്തീന്‍ തടവുകാരനെ ആക്രമിച്ചതിന് അഞ്ച് റിസര്‍വ് സൈനികര്‍ക്കെതിരെ പിന്നീട് കുറ്റം ചുമത്തി. എന്നാല്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അവരുടെ അഭിഭാഷകര്‍ ലൈംഗികാതിക്രമം നിഷേധിച്ചു.
2024 ജൂലൈ അഞ്ചിന് തടങ്കല്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഫലസ്തീന്‍ തടവുകാരനെ അഞ്ച് സൈനികര്‍ ക്രൂരമായി മദിച്ചതായും ഇതിന്റെ ഫലമായി വാരിയെല്ലുകള്‍ ഒടിയുകയും മലാശയത്തിലെ കീറല്‍ ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകള്‍ നേരിട്ടതായും 2025 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച കുറ്റപത്രത്തില്‍ വെളിപ്പെടുത്തി. ഈ കേസ് ജുഡീഷ്യല്‍ രഹസ്യത്തിന് വിധേയമാണ്. ആരോപണ വിധേയരായ സൈനികരുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിയമപരമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ അവര്‍ സ്വതന്ത്രരായി സൊര്യവിഹാരം തുടരുന്നു.
ഗാസ മുനമ്പില്‍ നിന്നുള്ള തടവുകാര്‍ കൊടിയ പീഡനങ്ങള്‍ മൂലം മരണപ്പെട്ടതായും അനസ്‌തേഷ്യ ഇല്ലാതെ ശസ്ത്രക്രിയകള്‍ നടത്തിയത് ഉള്‍പ്പെടെ ഭയാനകമായ അതിക്രമങ്ങള്‍ നടന്നതായും വെളിപ്പെടുത്തുന്ന സ്‌ഡെ ടീമാന്‍ ജയിലില്‍ ജോലി ചെയ്യുന്ന സൈനികന്റെ സാക്ഷിമൊഴി കഴിഞ്ഞ മെയ് മാസത്തില്‍ ഹാരെറ്റ്‌സ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 10,000 ലേറെ ഫലസ്തീനികള്‍ നിലവില്‍ ഇസ്രായില്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് ഫലസ്തീന്‍, ഇസ്രായിലി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. മോശം പെരുമാറ്റവും വ്യവസ്ഥാപിതമായ വൈദ്യ അവഗണനയും ഉള്‍പ്പെടെയുള്ള ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ ഇവര്‍ അനുഭവിക്കുന്നു.



