തെല്‍അവീവ് – യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസയിലെ മുന്‍ ഇസ്രായിലി ബന്ദികള്‍ അടക്കം നൂറു കണക്കിന് ഇസ്രായിലികള്‍ ജറൂസലമില്‍ പ്രകടനം നടത്തി.
ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ വിശകലനം ചെയ്യാന്‍ ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ യോഗം ചേര്‍ന്ന സമയത്താണ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രകടനം നടന്നത്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, ഞങ്ങള്‍ അവരെ തിരികെ കൊണ്ടുവരും എന്ന മുദ്രാവാക്യവുമായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിന് പുറത്ത് പ്രകടനക്കാര്‍ ഒത്തുകൂടി. ഇസ്രായിലി പതാകകള്‍ വീശിയ പ്രകടനക്കാര്‍ ഗാസയില്‍ ഇപ്പോഴും തടവിലുള്ള ഇസ്രായിലി ബന്ദികളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു.
മുന്‍ ബന്ദികളായ ഏരിയല്‍ യെഹൂദും ഷാരോണ്‍ കൊണിയോയും പ്രകടനത്തില്‍ പങ്കെടുത്തു. ഷാരോണ്‍ കൊണിയോയുടെ ഭര്‍ത്താവ് ഡേവിഡ് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം മുതല്‍ ഗാസയില്‍ ബന്ദിയാണ്. ഏരിയലിന്റെ പങ്കാളിയും ഗാസയില്‍ ശേഷിക്കുന്ന 49 ബന്ദികളില്‍ ഒരാളാണ്. ബന്ദികളില്‍ 27 പേര്‍ മരിച്ചതായി ഇസ്രായില്‍ സൈന്യം പറയുന്നു.
ജറൂസലേമില്‍ നടന്ന പ്രകടനത്തില്‍ കൊണിയോയും ഏരിയല്‍ യെഹൂദും നമ്മുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരിക എന്ന് എഴുതിയ അവരുടെ പങ്കാളികളുടെ ചിത്രങ്ങളുള്ള ബാനര്‍ ഉയര്‍ത്തിപ്പിടിച്ചു. സമീപത്ത്, ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രായില്‍ മന്ത്രിസഭ യോഗം ചേര്‍ന്നു.
ബന്ദികളെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഏക മാര്‍ഗം യുദ്ധം നിര്‍ത്തി ബന്ദികളും ഗാസ നിവാസികളും സൈനികരും കുടുംബങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുക എന്നതാണ് – ചരിത്രകാരിയായ ഷാരോണ്‍ കങ്കാസ കോഹന്‍ എ.എഫ്.പിയോട് പറഞ്ഞു. അവര്‍ ഗാസ തിരിച്ചുപിടിക്കാനോ സൈനികമായി വീണ്ടും അധിനിവേശം നടത്താനോ തീരുമാനിച്ചാല്‍, ബന്ദികളുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും. മുഴുവന്‍ ഇസ്രായില്‍ സമൂഹവും ഭീഷണിയിലാകും – ഷാരോണ്‍ കങ്കാസ കോഹന്‍ പറഞ്ഞു.
എനിക്ക് മാറിനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് ജറൂസലം മുന്‍ ഡെപ്യൂട്ടി മേയറും നഗരത്തിലെ അറിയപ്പെടുന്ന ഇടതുപക്ഷ നേതാവുമായ ബിബി അലലു പറഞ്ഞു. നമ്മള്‍ ബന്ദികളെ രക്ഷിക്കണം. ഇസ്രായിലിന് അതിന്റെ ധാര്‍മ്മിക ദിശാസൂചകം നഷ്ടപ്പെട്ടു – ബിബി അലലു ചൂണ്ടിക്കാട്ടി.