വാഷിങ്ടൺ– രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഫെഡറൽ ഏജൻസികളായ എഫ്.ബി.ഐയുടെയും സി.ഐ.എയുടെയും തലവനായി പ്രവർത്തിച്ച വില്യം എച്ച്. വെബ്സ്റ്റർ അന്തരിച്ചു. 101 വയസ്സായിരുന്നു അദ്ദേഹത്തിന്. രണ്ട് ഫെഡറൽ ഏജൻസികളെയും നയിച്ച ഏക വ്യക്തിയാണ് വെബ്സ്റ്റർ.
1978 മുതൽ 1987 വരെ എഫ്.ബി.ഐ ഡയറക്ടറായും 1987 മുതൽ 1991 വരെ സി.ഐ.എ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രസിഡന്റ് ജിമ്മി കാർട്ടറാണ് അദ്ദേഹത്തെ എഫ്.ബി.ഐ തലവനായി നിയമിച്ചത്. ആഭ്യന്തര നിരീക്ഷണം, അഴിമതി, തുടങ്ങിയ വെളിപ്പെടുത്തലുകൾ കാരണം ഏജൻസിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ട സമയത്തും തീവ്രവാദം പോലുള്ള വെല്ലുവിളികളെ നേരിടാൻ എഫ്.ബി.ഐയെ സജ്ജമാക്കിയത് വെബ്സ്റ്ററാണ്.
പ്രസിഡന്റ് റൊണാൾഡ് റീഗനാണ് വെബ്സ്റ്ററിനെ സി.ഐ.എയുടെ തലപ്പത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം എഫ്.ബി.ഐ ഡയറക്ടറായതിന് ശേഷം കൂടുതൽ കറുത്ത വർഗ്ഗക്കാരെയും സ്ത്രീകളെയും ഏജൻസിയിൽ നിയമിച്ചു. സംഘടിത കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റവാളികൾ, മയക്കുമരുന്ന് നിയന്ത്രണം എന്നീ നിയമലംഘനങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
എഫ്.ബി.ഐയുടെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും പ്രതിരോധ രഹസ്യാന്വേഷണ പ്രവർത്തനങ്ങളും ശക്തമാക്കിയത് സി.ഐ.എയുടെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു. 1991-ൽ വിരമിച്ച അദ്ദേഹം വാഷിംഗ്ടണിലെ ഒരു നിയമ സ്ഥാപനത്തിലും വിവിധ ബോർഡുകളിലും കമ്മീഷനുകളിലും പ്രവർത്തിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും നാവിക സേന ലെഫ്റ്റനന്റായി സേവനമനുഷ്ഠിച്ച വെബ്സ്റ്റർ, ആംഹെർസ്റ്റ് കോളേജിൽ നിന്ന് ബിരുദവും വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിൽ നിന്ന് നിയമ ബിരുദവും നേടി. ഇദ്ദേഹത്തിന് രണ്ട് വിവാഹങ്ങളിലായി മൂന്ന് മക്കളും, ഏഴ് പേരക്കുട്ടികളും, 12 കൊച്ചുമക്കളുമുണ്ട്. സെപ്തംബർ 18ന് വാഷിങ്ടണിൽ വെച്ച് അനുസ്മരണ ചടങ്ങ് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.