അമ്മാന്‍: തെക്കന്‍ ജോര്‍ദാനിലെ ഷൗബക്ക് ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ ബെല്‍ജിയക്കാരിയുടെയും മകന്റെയും മൃതദേഹങ്ങള്‍ ജോര്‍ദാന്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും ദുര്‍ഘടമായ ഭൂപ്രകൃതിയിലും രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം നടത്തിയ തുടര്‍ച്ചയായ തിരച്ചിലിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തി മോര്‍ച്ചറിയിലേക്ക് നീക്കിയതെന്ന് പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ജോര്‍ദാനിലെ തെക്കന്‍ മേഖലയിലുടനീളം സിവില്‍ ഡിഫന്‍സും ലോക്കല്‍ പോലീസ് ഡയറക്ടറേറ്റുകളും മറ്റു സുരക്ഷാ വകുപ്പുകളും ഏകോപിത ശ്രമങ്ങളോടെ തിരച്ചിലുകളില്‍ പങ്കെടുത്തു. സമീപത്തുള്ള പെട്രയില്‍ പുരാവസ്തു കേന്ദ്രത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച 1,700 ലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിരുന്നു. ഒഴിപ്പിക്കല്‍ വേഗത്തിലും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചും നടത്തിയതായി പെട്ര ഡെവലപ്‌മെന്റ് ആന്റ് ടൂറിസം റീജിയന്‍ അതോറിറ്റി സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയായി ഉച്ചക്ക് ടിക്കറ്റ് വില്‍പന നിര്‍ത്തിവെച്ചതായി പെട്ര ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് ആന്റ് ടൂറിസം കമ്മീഷണര്‍ യാസന്‍ മഹാദിന്‍ പറഞ്ഞു. ഇന്നലെ രാവിലെ 1,785 വിനോദസഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നു.
അല്‍ ഖസ്‌നെ, സിഖ്, റോമന്‍ പട്ടാളക്കാരന്റെ ശവകുടീരം, മൊണാസ്ട്രി, പ്രവാചകന്‍ ഹാറൂണിന്റെ ചരിവുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ഭൂരിഭാഗം പേരെയും സുരക്ഷിതമായിഒഴിപ്പിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും അടിയന്തിര തയാറെടുപ്പ് നില ഉയര്‍ത്തിയിട്ടുണ്ടെന്നും പെട്ര ഡെവലപ്‌മെന്റ് ആന്റ് ടൂറിസം റീജിയന്‍ അതോറിറ്റി പറഞ്ഞു. പൗരന്മാരോടും സന്ദര്‍ശകരോടും ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ളതോ താഴ്ന്ന പ്രദേശങ്ങളോ ഒഴിവാക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു.