കയ്‌റോ – അപ്പര്‍ ഈജിപ്തിലെ അസ്‌യൂത്ത് ഗവര്‍ണറേറ്റില്‍ അനധികൃതമായി പുരാവസ്തുക്കള്‍ക്കായി ഖനനം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. അസ്‌യൂത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, റെസ്‌ക്യൂ ഫോഴ്സ് ജബല്‍ അല്‍ഖൂസിയ പ്രദേശത്ത് നിന്ന് അഞ്ച് മൃതദേഹങ്ങള്‍ വീണ്ടെടുത്തു. ഖനനത്തിനിടെ കുഴി തകര്‍ന്നതായി വിവരം ലഭിച്ച സുരക്ഷാ സേന ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെയും സിവില്‍ ഡിഫന്‍സ് ഫോഴ്സിനെയും രക്ഷാ സംഘങ്ങളെയും സ്ഥലത്തേക്ക് അയക്കുകയും സുരക്ഷാ വലയം സ്ഥാപിക്കുകയും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 24 ഉം 25 ഉം 46 ഉം വയസുള്ള ഓരോരുത്തരും 40 വയസ് പ്രായമുള്ള രണ്ടു പേരുമാണ് ദുരന്തത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഖല്‍യൂബിയ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ഏപ്രിലിലിലുണ്ടായ സമാനമായ അപകടത്തില്‍ പുരാവസ്തുക്കള്‍ക്കായുള്ള അനധികൃത ഖനനത്തിനിടെ ഒരാള്‍ മരിച്ചിരുന്നു. ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ഷിബിന്‍ അല്‍ഖനാതര്‍ ജില്ലയിലെ അറബ് ജുഹൈന ഗ്രാമത്തില്‍ ബിലാല്‍ മസ്ജിദിന് സമീപം മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചതായി ഖല്‍യൂബിയ സിവില്‍ പ്രൊട്ടക്ഷന്‍ വകുപ്പിന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. സിവില്‍ പ്രൊട്ടക്ഷന്‍ സേന സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഈജിപ്തില്‍, പ്രത്യേകിച്ച് അപ്പര്‍ ഈജിപ്തില്‍ പുരാവസ്തുക്കള്‍ക്കായുള്ള അനധികൃത ഖനനങ്ങള്‍ പതിവാണ്. സമാനമായ സംഭവങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുണ്ട്. ചില അപകടങ്ങള്‍ ഖനന തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ട് ദാരുണമായി മരിക്കുന്നതില്‍ അവസാനിക്കുന്നു. 2024 ല്‍ ഈജിപ്തിലെ ന്യൂ വാലി ഗവര്‍ണറേറ്റിലെ ഖാര്‍ഗ സിറ്റിക്ക് വടക്കുള്ള ജബല്‍ അല്‍തൈറിന് സമീപം പുരാവസ്തുക്കള്‍ക്കായി ഖനനം നടത്തുന്നതിനിടെ രണ്ട് ടണ്‍ ഭാരമുള്ള കൂറ്റന്‍ പാറ പതിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു.



