ജിദ്ദ – ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഹമാസും ദക്ഷിണ ലെബനോനില്‍ നിന്ന് ഹിസ്ബുല്ലയും നടത്തിയ ആക്രമണങ്ങളില്‍ അഞ്ചു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു. ഉത്തര ഗാസയില്‍ അതിശക്തമായ ഉപരോധവും ശക്തമായ ആക്രമണവും ഇസ്രായില്‍ സൈന്യം തുടരുന്നതിനിടെയാണ് ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടത്. 5,460 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍സ് യൂനിറ്റിലെ കമ്പനി കമാന്‍ഡര്‍, ഡെപ്യൂട്ടി കമാന്‍ഡര്‍, മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍സ് യൂനിറ്റില്‍ മേജര്‍ പദവി വഹിക്കുന്നവരാണ്.
ജബാലിയക്ക് കിഴക്ക് ഇസ്രായില്‍ സൈന്യത്തിന്റെ കാലാള്‍പ്പടയെ പതിയിരുന്ന് ആക്രമിച്ചതായി ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചതിനു പിന്നാലെയാണ് മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സ്ഥിരീകരിച്ചത്. ജബാലിയ ക്യാമ്പിന് പടിഞ്ഞാറ് തങ്ങളുടെ പോരാളികള്‍ക്ക് സ്‌പെഷ്യല്‍ ഇസ്രായിലി സേനയുമായി തൊട്ടടുത്ത അകലത്തില്‍ ഏറ്റുമുട്ടുകയും സൈനികരെ കൊല്ലുകയും പരിക്കേല്‍പിക്കുകയും ചെയ്തതായും അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. ജബാലിയക്ക് കിഴക്ക് അല്‍ഖുദ്‌സ് ബ്രിഗേഡ്‌സുമായി സഹകരിച്ച് തങ്ങളുടെ പാരോളികള്‍ ഇസ്രായിലി സൈനികനെ വെടിവെച്ച് കൊലപ്പെടുത്തിയതായും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പിന്നീട് അറിയിച്ചു. തുടര്‍ച്ചയായി ആറാം ദിവസവും ജബാലിയ അഭയാര്‍ഥി ക്യാമ്പ് ഉപരോധം ഇസ്രായില്‍ സൈന്യം തുടരുകയാണ്.
ലെബനോന്‍, ഇസ്രായില്‍ അതിര്‍ത്തിയില്‍ ഒരാഴ്ചയായി ഇസ്രായില്‍ സൈന്യവും ഹിസ്ബുല്ല പോരാളികളും നിലക്കാത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. ലെബനോന്‍, ഇസ്രായില്‍ അതിര്‍ത്തിക്കു സമീപം യാഊന്‍ ജൂതകുടിയേറ്റ കോളനിയില്‍ ടാങ്ക്‌വേധ മിസൈല്‍ ഉപയോഗിച്ച് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ രണ്ടു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും ഏതാനും സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപ്പര്‍ ഗലീലി ലക്ഷ്യമിട്ട് ഹിസ്ബുല്ല നിരവധി മിസൈലുകള്‍ തൊടുത്തുവിട്ടു. ഇക്കൂട്ടത്തില്‍ പെട്ട ഒരു ടാങ്ക്‌വേധ മിസൈല്‍ ഇസ്രായിലി സൈനികര്‍ക്കു മേല്‍ പതിക്കുകയായിരുന്നു.
പ്രദേശത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മറ്റൊരു മിസൈല്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായി. ഇവിടെ നിന്ന് നേരത്തെ തന്നെ ഇസ്രായില്‍ പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു.
അസ്ഖലാനില്‍ ഹിസ്ബുല്ലയുടെ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇന്നു രാവിലെ മുതല്‍ ദക്ഷിണ ലെബനോനില്‍ നിന്ന് ഇസ്രായിലിലേക്ക് ഹിസ്ബുല്ല 30 മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ ലെബനോനില്‍ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായിലും വ്യോമാക്രമണങ്ങള്‍ നടത്തി. ഇന്നലെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 22 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ മാസാവസാനം മുതല്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ 1,200 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 12 ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ക്യാപ്.
ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സ് നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികര്‍. വലത്ത്: ലെബനോന്‍, ഇസ്രായില്‍ അതിര്‍ത്തിക്കു സമീപം യാഊന്‍ ജൂതകുടിയേറ്റ കോളനിയില്‍ ടാങ്ക്‌വേധ മിസൈല്‍ ഉപയോഗിച്ച് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ഇസ്രായിലി സൈനികനെ സഹപ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നു.