സന്‍ആ – രണ്ടു ദിവസത്തിനിടെ ദക്ഷിണ, ഉത്തര യെമനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ മിന്നലേറ്റ് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു പേര്‍ മരണപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഒരാഴ്ചക്കിടെ യെമനില്‍ കനത്ത മഴയിലും മിന്നലേറ്റും മരിച്ചവരുടെ എണ്ണം 18 ആയി. രണ്ടാഴ്ചക്കിടെ കനത്ത മഴയിലും മിന്നലേറ്റും യെമനില്‍ 23 പേര്‍ മരണപ്പെട്ടിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ യെമനിലെ അല്‍മഹ്‌വിത് ഗവര്‍ണറേറ്റിലെ അല്‍തുവൈല ജില്ലയില്‍ ശനിയാഴ്ച രാത്രി മിന്നലേറ്റ് രണ്ടു പേര്‍ മരണപ്പെട്ടു. സ്‌കൂളില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകനും അല്‍മഹ്‌വിതില്‍ മിന്നലേറ്റ് മരിച്ചു. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള റീമ ഗവര്‍ണറേറ്റില്‍ മിന്നലേറ്റ് ഒരാള്‍ മരണപ്പെടുകയും ഇയാളുടെ ഭാര്യക്കും നാലു മക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. റീമയിലെ അല്‍ജഅ്ഫരിയ ജില്ലയിലെ അല്‍മഖ്താര്‍ ഗ്രാമത്തില്‍ മിന്നലേറ്റ് യുവതി മരണപ്പെടുകയും പിതാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സന്‍ആയിലും അല്‍ഹുദൈദയിലും അല്‍മഹ്‌വിതിലും തഇസിലും അല്‍ദാലിഇലും ഇബ്ബ് ഗവര്‍ണറേറ്റിലും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സ്ത്രീകളും കുട്ടികളും അടക്കം 13 പേര്‍ മിന്നലേറ്റ് മരിച്ചിരുന്നു.