ട്രിപ്പോളി – ലിബിയയിലെ ബെംഗാസിയില്‍ ഏഴ് മക്കളെ വെടിവച്ചു കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഹസന്‍ അല്‍സവി എന്നയാൾ മക്കളായ മയാര്‍, ഖൈറല്ല, ലമാര്‍, മുഹമ്മദ്, അബ്ദുറഹ്മാന്‍, അബ്ദുറഹീം, അഹ്മദ് എന്നിവരെ കൊലപ്പെടുത്തിയ ശേഷം സ്വയം ശിരസ്സിന് നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. . ബെംഗാസിയിലെ അല്‍ഹവാരി പ്രദേശത്ത് നിര്‍ത്തിയിട്ട കാറിൽ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ബെംഗാസി പോലീസ് മേധാവി മേജര്‍ ജനറല്‍ സ്വലാഹ് ഹുവൈദി അറിയിച്ചു. അഞ്ചിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ രണ്ടോ മൂന്നോ പേര്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു. ഡിക്കിയിലുണ്ടായിരുന്ന കുട്ടി ഒഴികെ മറ്റെല്ലാ കുട്ടികളുടെയും തലയില്‍ ഒറ്റ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഏഴാമത്തെ കുട്ടി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടത്.
കാറിൽ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശിരസ്സുകള്‍ക്കു നേരെ നേരിട്ട് നിറയൊഴിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും ശേഷം പിതാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ബെംഗാസി പോലീസ് മേധാവി മേജര്‍ ജനറല്‍ സ്വലാഹ് ഹുവൈദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



