കാരക്കാസ്– വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിലും വിവിധ സംസ്ഥാനങ്ങളിലും നടന്ന സ്ഫോടനങ്ങളെ ത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്നും പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വെനസ്വേലൻ സർക്കാർ ആരോപിച്ചു.
തലസ്ഥാനമായ കാരക്കസിന് പുറമെ മിറാൻഡ, അരഗ്വ, ലാ ഗൈറ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്. തലസ്ഥാന നഗരിയിൽ താഴ്ന്നു പറക്കുന്ന വിമാനങ്ങളും സ്ഫോടനത്തെത്തുടർന്നുണ്ടായ കനത്ത പുകയും കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെനസ്വേലൻ സർക്കാരിനെതിരെ നടപടി സ്വീകരിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സി.ഐ.എയ്ക്ക് അനുമതി നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സ്ഫോടനങ്ങൾ നടന്നിരിക്കുന്നത്. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായും അടച്ചിടുന്നതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിലാണ് അമേരിക്ക ഉപരോധം കടുപ്പിച്ചിരിക്കുന്നതെങ്കിലും, ലക്ഷ്യം ഭരണമാറ്റമാണെന്ന് വെനസ്വേല ആരോപിക്കുന്നു.
കരീബിയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾക്ക് നേരെ അമേരിക്കൻ നാവികസേന അടുത്തിടെ ആക്രമണം നടത്തിയിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കരസേനാ ആക്രമണത്തിലൂടെ മദുറോയെ പുറത്താക്കുമെന്ന് ട്രംപ് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. മദുറോ സർക്കാരിനെ അസ്ഥിരപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് നിലവിലെ ആക്രമണങ്ങൾക്ക് പിന്നിലെന്ന വിമർശനം അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.



