ദമാസ്‌കസ് – ഹുംസ് ഗവര്‍ണറേറ്റിലെ വാദി അല്‍ദഹബ് ഡിസ്ട്രിക്ടിലെ ഇമാം അലി ബിന്‍ അബീതാലിബ് മസ്ജിദില്‍ ഇന്ന് ഉച്ചക്ക് ജുമുഅക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെടുകയും പതിനെട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ന്യൂസ് ഏജന്‍സി (സനാ) റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് കരുതുന്നതായി സിറിയന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഹുംസ് ആക്രമണത്തില്‍ ഐസിസ് ഉള്‍പ്പെട്ടിരിക്കാമെന്നും ആക്രമണം നടത്തിയ ഭീകരന്‍ പള്ളിക്കുള്ളില്‍ ഒരു ബാഗ് വെച്ചിരുന്നെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സ്ഥലത്തുനിന്ന് ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചതായും കുറ്റവാളിയുടെ പേരുവിവരങ്ങള്‍ വേഗത്തില്‍ വെളിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.


ആക്രമണത്തെ അപലപിച്ച സിറിയന്‍ വിദേശ മന്ത്രാലയം, രാജ്യത്ത് കുഴപ്പം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ പ്രവൃത്തിയാണിതെന്ന് വിശേഷിപ്പിച്ചു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെയും അതിന്റെ പ്രകടനങ്ങളെയും സിറിയ ശക്തമായി ചെറുക്കും. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ സര്‍ക്കാര്‍ ശിക്ഷിക്കുമെന്നും സിറിയന്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി. സ്‌ഫോടനമുണ്ടായ മസ്ജിദിനുള്ളില്‍ നിന്നുള്ള ഫോട്ടോകള്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
ആക്രമണം നടന്നയുടനെ, ആഭ്യന്തര സുരക്ഷാ യൂണിറ്റുകള്‍ സ്ഥലത്ത് കുതിച്ചെത്തി പള്ളിക്ക് ചുറ്റും സുരക്ഷാ വലയം സ്ഥാപിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയാന്‍ അധികൃതര്‍ അന്വേഷണം നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയുംചെയ്തു. പരിക്കേറ്റവരെ രക്ഷിക്കാനും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും സിവില്‍ ഡിഫന്‍സ് ടീമുകള്‍ കുതിച്ചെത്തി.
സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സ്‌ഫോടനം ചാവേര്‍ ബോംബാക്രമണമോ സ്‌ഫോടകവസ്തുക്കള്‍ മൂലമോ ആയിരിക്കാമെന്ന് സിറിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി സുരക്ഷാ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഹുംസിലെ ഇമാം അലി ബിന്‍ അബീതാലിബ് മസ്ജിദിലുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. മസ്ജിദുകളെയും ആരാധനാലയങ്ങളെയും ലക്ഷ്യം വെക്കുന്നതിനെയും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്തുന്നതിനെയും ഭീകരതയെയും തീവ്രവാദത്തെയും സൗദി അറേബ്യ പൂര്‍ണ്ണമായും നിരാകരിക്കുന്നു. ഈ ദാരുണമായ സംഭവത്തില്‍ സിറിയയോടുള്ള ഐക്യദാര്‍ഢ്യവും, സുരക്ഷയും സ്ഥിരതയും സ്ഥാപിക്കാനുള്ള സിറിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണയും സൗദി അറേബ്യ പ്രകടിപ്പിക്കുന്നു. ഇരകളുടെ കുടുംബങ്ങളെയും സിറിയന്‍ സര്‍ക്കാരിനെയും ജനങ്ങളെയും സൗദി അറേബ്യ ആത്മാര്‍ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും, സിറിയക്കും സിറിയന്‍ ജനതക്കും സുരക്ഷയും സമാധാനവും തുടരട്ടെയെന്നും ആശംസിക്കുന്നതായും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.



