ബ്രസ്സല്‍സ് – ഗാസ യുദ്ധത്തിന്റെ പേരില്‍ ഇസ്രായിലിനെതിരെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍മാര്‍ നാളെ പുതിയ ഉപരോധങ്ങള്‍ അംഗീകരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനും ഇസ്രായിലും തമ്മിലുള്ള കരാറുകളിലെ ചില വ്യാപാര വ്യവസ്ഥകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം അടക്കം ഇസ്രായിലിനെതിരെ കമ്മീഷണര്‍മാര്‍ നാളെ ഒരുകൂട്ടം നടപടികള്‍ അംഗീകരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് അറിയിച്ചു.
ഗാസ നഗരത്തില്‍ ഇസ്രായില്‍ സൈനിക നടപടി വിപുലീകരിക്കുന്നത് കൂടുതല്‍ നാശത്തിനും മരണത്തിനും പലായനത്തിനും കാരണമാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് അന്‍വര്‍ അല്‍ഔനി പറഞ്ഞു. ഗാസ നഗരത്തില്‍ സൈനിക നടപടി ശക്തമാക്കരുതെന്ന് ഇസ്രായിലിനോട് ആവശ്യപ്പെടുന്നത് യൂറോപ്യന്‍ യൂണിയന്‍ അവസാനിപ്പിച്ചിട്ടില്ല. സൈനിക ഇടപെടല്‍ കൂടുതല്‍ നാശത്തിനും കൂടുതല്‍ കൊലപാതകത്തിനും കൂടുതല്‍ പലായനത്തിനും കാരണമാകും. ഇത് വിനാശകരമായ മാനുഷിക സാഹചര്യം കൂടുതല്‍ വഷളാക്കുകയും ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് അന്‍വര്‍ അല്‍ഔനി ചൂണ്ടിക്കാട്ടി.
ഗാസ സിറ്റിയില്‍ ആരംഭിച്ച പുതിയ ഇസ്രായിലി ആക്രമണത്തെ ബ്രിട്ടീഷ് വിദേശ മന്ത്രി യെവെറ്റ് കൂപ്പര്‍ ഭയാനകവും അങ്ങേയറ്റം വീണ്ടുവിചാരമില്ലാത്തതും എന്ന് വിശേഷിപ്പിച്ചു. ഗാസ സിറ്റിയില്‍ ഇസ്രായില്‍ ആക്രമണം കൂടുതല്‍ രക്തച്ചൊരിച്ചിലിലേക്കും നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുന്നതിലേക്കും ശേഷിക്കുന്ന ബന്ദികളെ അപകടത്തിലാക്കുന്നതിലേക്കും നയിക്കുമെന്ന് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി. ഉടനടിയുള്ള വെടിനിര്‍ത്തല്‍, എല്ലാ ബന്ദികളുടെയും മോചനം, ഗാസയിലേക്ക് തടസ്സമില്ലാത്ത മാനുഷിക സഹായം, ശാശ്വത സമാധാനത്തിലേക്കുള്ള പാത എന്നിവ ആവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗാസ സിറ്റിയില്‍ ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് മിഡില്‍ ഈസ്റ്റ് കാര്യങ്ങള്‍ക്കുള്ള ബ്രിട്ടീഷ് സഹമന്ത്രി ഹാമിഷ് ഫാല്‍ക്കണര്‍ പറഞ്ഞു. ഇസ്രായില്‍ സൈനിക നടപടികള്‍ വിപുലീകരിക്കുന്നത് ബന്ദികളുടെ പ്രതീക്ഷകളെ തകര്‍ക്കുകയും ഇതിനകം വളരെയധികം ദുരിതമനുഭവിച്ച ഗാസയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരന്തം സമ്മാനിക്കുകയും ചെയ്യും. ഈ സൈനിക നടപടി നിര്‍ത്തണം – ഹാമിഷ് ഫാല്‍ക്കണര്‍ പ്രസ്താവിച്ചു