പാരീസ് – ഗാസയിലെ ഇസ്രായിലിന്റെ സൈനിക നടപടികൾ വംശഹത്യയാണെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് തെരേസ റിബേര പറഞ്ഞു. ഇസ്രായിലിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്ന ആദ്യത്തെ യൂറോപ്യൻ കമ്മീഷൻ ഉദ്യോഗസ്ഥയാണ് തെരേസ റിബേര. യു.എൻ രക്ഷാ സമിതിയിലെ 14 അംഗങ്ങൾ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടിട്ട് പോലും, ഒരേ സ്വരത്തിൽ പ്രവർത്തിക്കാനും സംസാരിക്കാനുമുള്ള യൂറോപ്പിന്റെ പരാജയമാണ് ഗാസയിലെ വംശഹത്യ വെളിപ്പെടുത്തുന്നതെന്ന് പാരീസിലെ സയൻസസ് പോ സർവകലാശാലയിൽ നടന്ന അധ്യയന വർഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തെരേസ റിബേര പറഞ്ഞു.
ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന ആരോപണം ഇസ്രായിൽ നിരവധി തവണ തള്ളിക്കളഞ്ഞിട്ടുണ്ട്. തെരേസ റിബേരയുടെ ആരോപണത്തോട് യൂറോപ്യൻ യൂണിയനിലെ ഇസ്രായിൽ നയതന്ത്ര മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ന് ശേഷം കമ്മീഷനിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ അംഗമാണ് തെരേസ റിബേര. ഗാസയിലെ കുടിയിറക്കവും കൊലപാതകവും വംശഹത്യക്ക് സമാനമാണെന്ന് കഴിഞ്ഞ മാസം തെരേസ റിബേര പറഞ്ഞിരുന്നു.
ഗാസയിൽ ഇസ്രായിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായി യൂറോപ്യൻ കമ്മീഷൻ ആരോപിക്കുന്നു. പക്ഷേ വംശഹത്യ ആരോപിക്കുന്നതിൽ നിന്ന് കമ്മീഷൻ വിട്ടുനിൽക്കുന്നു. ഇസ്രായിൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നടപടിയെ അപലപിച്ചു. ഇസ്രായിൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് സ്ഥിരീകരിക്കുന്ന, വംശഹത്യക്കുള്ള നിയമപരമായ മാനദണ്ഡങ്ങൾ പൂർണമാണെന്ന് വ്യക്തമാക്കിക്കൊണ്ട് വിദഗ്ദരുടെയും ഗവേഷകരുടെയും ലോകത്തിലെ ഏറ്റവും വലിയ അക്കാദമിക് അസോസിയേഷൻ പ്രമേയം പുറപ്പെടുവിച്ചതായി അസോസിയേഷൻ പ്രസിഡന്റ് കഴിഞ്ഞ തിങ്കളാഴ്ച അറിയിച്ചു. ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയെ അപമാനകരം എന്ന് വിശേഷിപ്പിച്ചു.