ലോക സമ്പന്നരുടെ പട്ടികയിൽ റെക്കോർഡ് നേട്ടവുമായി ഇലോൺ മസ്ക്. ഫോർബ്സ് പുറത്തുവിട്ട കണക്കുപ്രകാരം 500 ബില്യൺ യു.എസ് ഡോളറിനടുത്താണ് മസ്കിന്റെ സമ്പാദ്യം. ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് ഇലോൺ മസ്ക്.
നേരത്തെ യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശകനായിരുന്ന സമയത്താണ് ഡിസംബറില്‍ മസ്കിന്‍റെ ആസ്തി 400 ബില്യണ്‍ ഡോളര്‍ കടന്നത്. ടെസ്‍ലയുടെ ഓഹരികളിൽ വന്ന കുതിച്ചുചാട്ടമാണ് മസ്കിന്റെ നേട്ടത്തിന് പ്രധാന കാരണം. ഈ വർഷം 14 ശതമാനത്തിലധികമാണ് കമ്പനിയുടെ ഓഹരികളിലെ വർധന. ഇന്നലെ ടെസ്‌ലയുടെ ഓഹരികൾ ഏകദേശം 4 ശതമാനം ഉയർന്നു. ഇത് മസ്‌കിന്റെ സമ്പത്തിലേക്ക് ഏകദേശം 930 കോടി ഡോളറാണ് ഒറ്റ ദിവസം കൊണ്ട് കൂട്ടിച്ചേർത്തത്. ടെസ്‍ലയെ കൂടാതെ റോക്കറ്റ് നിർമാതാക്കളായ സ്പേസ് എക്സ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പ് എക്സ്.എ.ഐ വരെയുള്ള മസ്കിന്റെ കമ്പനികളുടെ സമ്പാദ്യത്തിലെ വർധനവും സമ്പന്നരുടെ പട്ടികയിൽ ഒന്നാമതാക്കാൻ സഹായിച്ചു.
അതേസമയം, കഴിഞ്ഞ മാസം ലോക സമ്പന്നരുടെ പട്ടികയിൽ മസ്കിനെ തള്ളി ഒറാക്കിൾ സഹസ്ഥാപകൻ ലാരി എലിസൺ ഒന്നാമതെത്തിയിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിനെ നയിച്ചിരുന്ന റോളിൽ നിന്ന് പിന്മാറുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതോടെയാണ് തകർന്നു കിടന്നിരുന്ന ഓഹരികൾ ഏകദേശം ഇരട്ടിയായത്.