തെഹ്റാൻ: ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദിനോട് സഹകരിച്ചെന്ന സംശയത്തിൽ എട്ട് പേരെ ഇറാൻ അറസ്റ്റ് ചെയ്തു. ഖൊറാസാൻ പ്രവിശ്യയിൽ ചാര ശൃംഖല തകർത്തതായും, സിവിലിയൻ, സൈനിക ഉദ്യോഗസ്ഥരെ വധിക്കാനും മശ്ഹദിലെ സുപ്രധാന കേന്ദ്രങ്ങൾ നശിപ്പിക്കാനും ഈ ശൃംഖല പദ്ധതിയിട്ടിരുന്നതായും റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിച്ച് രണ്ട് മാസത്തിന് ശേഷമാണ് മൊസാദിനായി പ്രവർത്തിച്ചെന്ന് സംശയിക്കപ്പെടുന്ന ഈ ശൃംഖലയെ പിടികൂടിയതായി ഇറാൻ അറിയിച്ചത്.
മൊസാദുമായി ബന്ധമുള്ള എട്ട് ഏജന്റുമാരെ ഖൊറാസാനിൽ നിന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. ഇവർ ഏതെങ്കിലും ഓപ്പറേഷനുകൾ നടത്തുന്നതിന് മുമ്പ് പിടിയിലായി. റോക്കറ്റ് ലോഞ്ചറുകൾ, ബോംബുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ ഈ ശൃംഖലയിൽ നിന്ന് കണ്ടെടുത്തു. സൈബർസ്പേസ് വഴി പ്രത്യേക പരിശീലനം നേടിയ ഇവർ, 12 ദിവസത്തെ ഇസ്രായേൽ ആക്രമണത്തിനിടെ സുപ്രധാനവും സെൻസിറ്റീവുമായ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രമുഖ സൈനിക നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും മൊസാദ് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായി റെവല്യൂഷണറി ഗാർഡ് വെളിപ്പെടുത്തി.
ജൂൺ മാസത്തിൽ ഇസ്രായേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഇറാൻ അധികൃതർ സുരക്ഷാ നടപടികൾ ശക്തമാക്കി. ഇസ്രായേലുമായി സഹകരിച്ചെന്ന് സംശയിക്കപ്പെടുന്ന നിരവധി പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ ചിലരെ വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു. യുദ്ധസമയത്ത് ഇസ്രായേലിന് വേണ്ടി നടത്തിയ ചാരപ്രവർത്തനങ്ങളുടെ ഫലമായി നിരവധി ഇറാൻ സൈനിക നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.