കയ്‌റോ – ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദേശത്തോട് പ്രതികരിക്കണമെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി ഇസ്രായിലിനോട് ആവശ്യപ്പെട്ടു.
സംഘര്‍ഷത്തിന് അയവുവരുത്താനും ഫലസ്തീന്‍ ജനതയുടെ രക്തച്ചൊരിച്ചില്‍ തടയാനും ഗാസയിലേക്ക് മാനുഷിക, ദുരിതാശ്വാസ വസ്തുക്കളുടെ ഒഴുക്ക് ഉറപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനും ഇസ്രായില്‍ നിര്‍ദിഷ്ട കരാര്‍ അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് വിറ്റ്‌കോഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു.
പട്ടിണിയുടെ വക്കിലെത്തിയ ഗാസയിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം അബ്ദുല്‍ആത്തി വിറ്റ്‌കോഫുമായി അവലോകനം ചെയ്തു. ഗാസയില്‍ സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നതിന്റെയും പട്ടിണി ആയുധമായി തുടര്‍ച്ചയായി ഉപയോഗിക്കുന്നതിന്റെയും അപകടത്തെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാര്‍ച്ചില്‍ കയ്റോയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ അംഗീകരിച്ച അറബ്-ഇസ്‌ലാമിക് പദ്ധതി പ്രകാരം, ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഉടന്‍ തന്നെ, നേരത്തെയുള്ള വീണ്ടെടുക്കലിനും പുനര്‍നിര്‍മാണത്തിനും അന്താരാഷ്ട്ര സമ്മേളനം നടത്താനുള്ള ഈജിപ്തിന്റെ തയാറെടുപ്പുകളെക്കുറിച്ച് ഈജിപ്ഷ്യന്‍ മന്ത്രി യു.എസ് പ്രതിനിധിക്ക് മുന്നില്‍ വിശദീകരിച്ചു.
ഐക്യരാഷ്ട്രസഭ അണ്ടര്‍ സെക്രട്ടറി ജനറലും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ, പ്രവൃത്തി ഏജന്‍സി കമ്മീഷണര്‍ ജനറലുമായ ഫിലിപ്പ് ലസാരിനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യു.എന്‍ റിലീഫ് ഏജന്‍സിക്കുള്ള ഈജിപ്തിന്റെ പൂര്‍ണവും തുടര്‍ച്ചയായതുമായ പിന്തുണ ബദര്‍ അബ്ദുല്‍ആത്തി വ്യക്തമാക്കി. ഫലസ്തീന്‍ പ്രശ്നത്തിന് ന്യായമായ രാഷ്ട്രീയ പരിഹാരം ഉണ്ടാകുന്നതുവരെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ആശ്വാസവും തൊഴിലും നല്‍കാനായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പ്രമേയത്തിലൂടെയാണ് യു.എന്‍ റിലീഫ് ഏജന്‍സി സ്ഥാപിതമായത്. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധമായ ഇസ്രായിലി നിയമനിര്‍മാണത്തെ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി അപലപിച്ചു.
യു.എന്‍ റിലീഫ് ഏജന്‍സിയെ ഇസ്രായില്‍ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധതയെ ഭീഷണിപ്പെടുത്തുകയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താനായി സ്ഥാപിതമായ അന്താരാഷ്ട്ര സ്ഥാപനങ്ങളിലുള്ള വിശ്വാസം ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ മാതൃകയാണ്. യു.എന്‍ ഏജന്‍സി നല്‍കുന്ന സേവനങ്ങള്‍ വെട്ടിച്ചുരുക്കാനോ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാനോ കാരണമാകുന്ന ഏതൊരു നിര്‍ദേശവും അന്താരാഷ്ട്ര സമൂഹം തള്ളിക്കളയണം.
ഫലസ്തീനികളുടെ കുടിയിറക്കത്തെ സ്വമേധയാ ഉള്ളതാണെന്ന് വിശേഷിപ്പിക്കുന്നത് അസംബന്ധമാണ്. ഫലസ്തീനികളുടെ കുടിയിറക്ക പ്രശ്‌നം ജോര്‍ദാന്‍, ഈജിപ്ത്, അറബ് രാജ്യങ്ങള്‍ എന്നിവ സീമന്തരേഖയായാണ് കാണുന്നതെന്ന് ഫിലിപ്പ് ലസാരിനിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സാഹചര്യത്തിലും അത് അനുവദിക്കില്ല. ജനങ്ങളെ അവരുടെ ഭൂമി വിട്ടുപോകാന്‍ നിര്‍ബന്ധിക്കാനാണ് മനുഷ്യനിര്‍മിത പട്ടിണി ഉണ്ടാക്കുന്നതെന്നും ബദര്‍ അബ്ദുല്‍ആത്തി പറഞ്ഞു.
ഇസ്രായിലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വെടിനിര്‍ത്തല്‍ സംബന്ധിച്ച പുരോഗതിക്ക് പ്രധാന തടസ്സമാണെന്ന് ബദര്‍ അബ്ദുല്‍ആത്തി പറഞ്ഞു. ഗാസയില്‍ പട്ടിണിയെ യുദ്ധായുധമായി ഇസ്രായില്‍ ഉപയോഗിക്കുന്നുണ്ട്. ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ ഈജിപ്ത് തുടരുന്നുണ്ട്. ഗാസ മുനമ്പിന് ദിവസവും കുറഞ്ഞത് 700 ട്രക്ക് ലോഡ് സഹായം ആവശ്യമാണ്. ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് ഈജിപ്ത് എല്ലാ ദിവസവും 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണ്.
ഗാസയില്‍ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള ഇസ്രായിലിന്റെ നയത്തെ ഈജിപ്ത് നിരാകരിക്കുന്നു. ഫലസ്തീന്‍ പ്രശ്‌നം ഇല്ലാതാക്കുന്നതിനെ തള്ളിക്കളയുന്നു. യു.എന്‍ റിലീഫ് ഏജന്‍സിക്ക് പിന്തുണ കുറയുന്നതിന് അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദി. പ്രതിസന്ധികള്‍ നേരിടാന്‍ യു.എന്‍ റിലീഫ് ഏജന്‍സിക്ക് ഈജിപ്ത് ഉറച്ച പിന്തുണ നല്‍കും. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ക്കകത്തും പുറത്തും ഫലസ്തീനികളെ പിന്തുണക്കാനുള്ള യു.എന്‍ ഏജന്‍സിയുടെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. യു.എന്‍ ഏജന്‍സിയെ ലക്ഷ്യം വെച്ചുള്ള ഏതൊരു നീക്കവും അസ്വീകാര്യമാണ്. യു.എന്‍ ഏജന്‍സിക്കുള്ള ഏതൊരു ബദല്‍ സംവിധാനവും ദയനീയമായി പരാജയപ്പെട്ടു. ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 22 ന് നടക്കുന്ന സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഏതാനും രാജ്യങ്ങളുടെ ഉദ്ദേശ്യത്തെ ഈജിപ്ത് സ്വാഗതം ചെയ്യുന്നതായും ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു.
ഇസ്രായില്‍ എല്ലാ പരിധികളും സീമന്തരേഖകളും ലംഘിച്ചതായി ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയിലെ മാനുഷിക സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇസ്രായില്‍ പിന്‍വലിക്കണം. ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം അനുവദിക്കണം. ഗാസയില്‍ മാനുഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കനത്ത വില നല്‍കുന്നുണ്ട്. യു.എന്‍ റിലീഫ് ഏജന്‍സിയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ചില പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കുന്നതില്‍ ഗാസയിലെ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകമാണെന്നും ഫിലിപ്പ് ലസാരിനി പറഞ്ഞു.