കയ്‌റോ– കാണാതായ വിദേശ പൗരന്‍ നൈല്‍ നദിയില്‍ ചാടി ജീവനൊടുക്കിയതായി വ്യക്തമാക്കി ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം. കയ്റോയില്‍ വിദേശ പൗരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിച്ചതായി അവകാശപ്പെട്ട് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ സത്യമല്ല. കാണാതായ ആളുടെ മകനില്‍ നിന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതായും ഒക്ടോബര്‍ പാലത്തില്‍ നിന്ന് നൈല്‍ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതായും മന്ത്രാലയം പറഞ്ഞു. മൃതദേഹം പിന്നീട് കണ്ടെടുത്തു.
ചില ആളുകള്‍ കയ്റോയില്‍ നിന്ന് വിദേശിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈമാറാന്‍ ആവശ്യപ്പെടുന്ന വീഡിയോ സന്ദേശം നല്‍കാന്‍ നിര്‍ബന്ധിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കയ്റോയിലെ ഐന്‍ ശംസ് പോലീസ് സ്റ്റേഷന് മുകളില്‍ പറഞ്ഞ ആളുടെ മകനില്‍ നിന്ന് പിതാവിന്റെ തിരോധാനത്തെ കുറിച്ച് പരാതി ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. കാണാതായ ആളുടെ നീക്കങ്ങള്‍ പിന്തുടര്‍ന്നതിലൂടെയും അന്വേഷണങ്ങളിലൂടെയും ഖസര്‍ അല്‍നൈല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒക്ടോബര്‍ പാലത്തില്‍ നിന്ന് അയാള്‍ നൈല്‍ നദിയിലേക്ക് ചാടിയതായി കണ്ടെത്തി. ആത്മഹത്യ രേഖപ്പെടുത്തുന്ന വീഡിയോ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. വൈകാതെ നദിയില്‍ നിന്ന് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു



